കാലം തെറ്റിയ കാലവർഷം അപുഷ്പി സസ്യങ്ങളിൽ ഗണ്യമായ കുറവ്

അരുവിത്തുറ :കാലവർഷം നേരത്തെ എത്തിയതും ഇടയ്ക്ക് ഉണ്ടായ ഇടവേളയും മൂലം അപുഷ്പി സസ്യങ്ങളിൽ (cryptograms) കുറവുണ്ടായതായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ബോട്ടണി വിഭാഗം പഠന റിപ്പോർട്ട്.കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിയെത്തിയ മഴ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഈ വർഷം അപുഷ്‌പി സസ്യങ്ങളുടെകുറവിന് കാരണമായത്. ഇത്തരം സസ്യങ്ങളുടെ കുറവ് മണ്ണിൻറെ സൂക്ഷ്മ ഘടനയിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം.ഇത് മണ്ണിൻറെ ഫലഭൂയിഷ്ടിയെ ബാധിക്കുകയും മിത്ര കീടങ്ങൾ കുറയാൻ കാരണമാകുമെന്നും റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നും പഠനം പറയുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളേജിലെ ബോട്ടണി വിഭാഗം നടത്തിയ സർവ്വേ പഠനത്തിന് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് നേതൃത്വം നൽകി. അദ്ധ്യാപകരായ ഡോ. അബിൻ സെബാസ്റ്റ്യൻ, കാതറിൻ ജോസ് എനിവരുടെ കീഴിൽ വിദ്യാർത്ഥികൾ രണ്ട് ടീമുകളായി തിരിഞ്ഞാണ് ക്യാമ്പസിലും സമീപ പ്രദേശങ്ങളിലുമായി പഠനം നടത്തിയത്.
















































































































