ഇടുക്കിയിലെ കോവിഡ് മരണം: ഔദ്യോഗിക കണക്കിൽ 148 തദ്ദേശ സ്ഥാപനങ്ങളുടെ കണക്കിൽ 645

ജില്ലയിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള കണക്കും ഔദ്യോഗിക കണക്കും തമ്മിൽ അന്തരം ഏറെ. തിങ്കൾ വരെയുള്ള, ഔദ്യോഗിക കണക്ക് പ്രകാരം 148 കോവിഡ് മരണങ്ങളാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ശേഖരിച്ച കണക്കുപ്രകാരം കോവിഡ് മരണങ്ങൾ 645 ആണ്.
497 പേരുടെ മരണം സംബന്ധിച്ചു വ്യക്തതയില്ല. നിലവിലെ ഔദ്യോഗിക കണക്ക് പരിഷ്കരിച്ചാൽ മാത്രമേ കോവിഡ് ബാധിച്ചു മരിച്ച എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം കിട്ടുകയുള്ളൂ. കോവിഡ് മൂലമാണ് മരണമെന്ന് രേഖപ്പെടുത്താതെ നൽകുന്ന മരണ സർട്ടിഫിക്കറ്റ് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള നഷ്ടപരിഹാരപ്പട്ടികയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങൾ പുറത്താകാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മറ്റ് അസുഖങ്ങൾ മൂലം മരിച്ചവർ, കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങൾക്കു ശേഷം മരിച്ചവർ എന്നിങ്ങനെയുള്ള മരണങ്ങൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണു വിവരം. തദ്ദേശ സ്ഥാപനങ്ങളിലെ കണക്കു പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മരണം തൊടുപുഴ നഗരസഭയിലാണ്–46 പേർ. കട്ടപ്പന നഗരസഭയിൽ 21 പേർ മരിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ കൂടുതൽ പേർ മരിച്ചത് കുമളിയിലാണ്. 34 മരണം.