സര്‍ക്കാരിന് താല്‍പ്പര്യമില്ല; മലങ്കര ടൂറിസത്തിന്റെ വികസനം നിലച്ചു
മലങ്കര ടൂറിസം ഹബ്ബിനോടനുബന്ധിച്ച് നിര്‍മ്മിച്ച എന്‍ട്രന്‍സ് പ്ലാസ പ്രവര്‍ത്തന സജ്‌ജമാക്കുന്നതിനുള്ള നടപടികള്‍ സ്‌തംഭിച്ചു.
എന്‍ട്രന്‍സ് പ്ലാസയില്‍ സജ്‌ജമാക്കിയിട്ടുള്ള മുറികള്‍ക്ക് കെട്ടിട നമ്ബര്‍ ലഭ്യമാക്കുന്നതിന് എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മാസങ്ങള്‍ക്ക് മുമ്ബ് മുട്ടം പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ നിരസിച്ചു. സംസ്‌ഥാന ടൂറിസം വകുപ്പില്‍ നിന്നുള്ള മൂന്ന് കോടിയോളം പണം ചിലവഴിച്ച് കെട്ടിപ്പൊക്കിയ എന്‍ട്രന്‍സ് പ്ലാസയില്‍ അഗ്നി സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലായെന്ന് പഞ്ചായത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടനമ്ബരിനുള്ള അപേക്ഷ നിരസിച്ചത്. എന്നാല്‍ അഗ്നി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി എന്‍ട്രസ് പ്ലാസ പ്രവര്‍ത്തന സജ്‌ജമാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട സംസ്‌ഥാന ടൂറിസം – ജലവിഭവ വകുപ്പുകള്‍ യാതൊരു നടപടികളും സ്വീകരിക്കുന്നുമില്ല.
സംസ്‌ഥാന ടൂറിസം വകുപ്പ് ജലവിഭവ വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകളുടെ സംയുക്‌ത നേതൃത്വത്തിലാണ് മലങ്കര ടൂറി സം പ്രവര്‍ത്തിക്കുന്നത്.
എന്‍ട്രന്‍സ് പ്ലാസയിലെ 5 മുറികളില്‍ മൂന്ന് എണ്ണം മാത്രമാണ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കരാര്‍ വ്യവസ്‌ഥയില്‍ ലേലത്തിന് നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തീരുമാനിച്ചത്. മറ്റ് 2 മുറികളില്‍ ഒന്ന് ഡി.റ്റി.പി.സിക്കും മറ്റൊന്ന് ഹബ്ബിന്റെ ഓഫീസ് ആവശ്യങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ അധികൃതരുടെ പിടിപ്പുകേടില്‍ ഒന്നും നടക്കാത്ത അവസ്‌ഥയാണ്. എന്‍ട്രന്‍സ് പ്ലാസയില്‍ 200 ആളുകള്‍ക്ക് ഇരിക്കാവുന്ന എക്‌സിക്യൂട്ടീവ് ചെയറുള്ള ഓപ്പണ്‍ സേ്‌റ്റജ് സജ്‌ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാനും നടപടികള്‍ ആയിട്ടില്ല. വാടക ഈടാക്കി ഓപ്പണ്‍ സേ്‌റ്റജ് പൊതു പരിപാടികള്‍ക്ക് നല്‍കിയാല്‍ സക്കരിന് അധിക വരുമാനം ലഭ്യമാകും. സര്‍ക്കാരില്‍നിന്ന് കാര്യമായ ഇടപെടല്‍ ഇല്ലാത്ത തിനാല്‍ അനന്ത സാധ്യതകളുള്ള മലങ്കര ടൂറിസം ഹബ്ബിന്റേയും എന്‍ട്രന്‍സ് പ്ലാസയുടേയും വികസനം പൂര്‍ണമായും സ്‌തംഭിച്ച അവസ്‌ഥയിലാണ്.
മലങ്കര ടൂറിസം ഹബ്ബിന്റെ ചെയര്‍പേഴ്‌സണായ കലക്‌ടര്‍, കണ്‍വീനറായ എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി അധികൃതരും ഹബ്ബിന്റെ വികസന പ്രവര്‍ത്തനങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണ് തുടരുന്നത്. മന്ത്രി റോഷി അഗസ്‌റ്റിന്‍ മലങ്കര ഹബ്ബിലേക്ക് ഇടയ്‌ക്കിടയ്‌ക്ക് ലക്ഷങ്ങളുടേയും കോടികളുടേയും വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വ്യാപകമായ ആക്ഷേപങ്ങളാണ് ഉയരുന്നത്.