മഹാ രക്തദാന കാമ്പയിന്‍ ഇന്നാരംഭിക്കും
കട്ടപ്പന: എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ മഹാ രക്തദാന കാമ്പയിന്‍ ഇന്നാരംഭിക്കും. രാവിലെ പത്തിന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ രക്തദാനം നടത്തും. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമന്‍, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ സന്ദീപ് പച്ചയില്‍, ജില്ലാ ചെയര്‍മാന്‍ പ്രവീണ്‍ വട്ടമല, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ സുബീഷ് ശാന്തി, ഹരീഷ് ആലംപള്ളി, ജില്ലാ ജോയിന്റ് സെക്രട്ടറി വിശാഖ് തുളസിപ്പാറ, എസ്.എന്‍. ക്ലബ് പ്രസിഡന്റ് ബിനീഷ് കെ.പി, സെക്രട്ടറി സജീഷ്‌കുമാര്‍, സൈബര്‍ സേന ഭാരവാഹികളായ അരുണ്‍കുമാര്‍, അരവിന്ദ് കൂട്ടാര്‍, അമല്‍ തൊപ്പിപ്പാള തുടങ്ങിയവര്‍ പ്രസംഗിക്കും. യൂണിയന് കീഴിലെ 38 ശാഖകളിലെ ആയിരം യുവാക്കള്‍ വിവിധ ഘട്ടങ്ങളിലായി രക്തദാനം നടത്തും. രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ രക്തത്തിന് കുറവുണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്താണ് യൂത്ത് മൂവ്‌മെന്റ് കാമ്പയിന്‍ ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് പരമാവധി യുവാക്കള്‍ രക്തദാനം നടത്തുമെന്ന് പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി ദിലീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.