രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയുടെ മരണം; കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യം ശക്തം
കുമളി: രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തെളിവുകള്‍ ലഭ്യമാകേണ്ടിയിരുന്ന മൊബൈല്‍ ഫോണ്‍ കാണാതെ പോയതും പിന്നിട് സേ്റ്റഷനില്‍ നിന്നു തന്നെ കണ്ടെത്തിയതിലും പെണ്‍കുട്ടി മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് മാതാവ് കണ്ടിട്ടും പുറത്ത് പറയാതിരുന്നതുമെല്ലാം ദൂരൂഹത തുടരുകയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് സേ്റ്റഷനിലെ ഫ്രണ്ട് ഓഫിസസ് മേശക്കുളളില്‍ നിന്നും ഫോണ്‍ കണ്ടു കിട്ടിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് അന്ന് രാത്രി തന്നെ മൃതദ്ദേഹം കുമളിയില്‍ എത്തിച്ച് ദഹിപ്പിക്കുകയായിരുന്നു. 2020 നവംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പിതാവ് സ്വദേശമായ രാജസ്ഥാനിലായിരുന്നു. മാതാവും പെണ്‍കുട്ടിയുടെ രണ്ട് ഇളയ സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടി പിണങ്ങി മുറിയില്‍ കയറി കതകടച്ചു എന്നായിരുന്നു അമ്മയുടെ മൊഴി. മൂന്നാമത് ദിവസമാണ് മരണം അയല്‍വാസികള്‍ പോലും അറിഞ്ഞത്. പെണ്‍കുട്ടിയെ കാണാതിരുന്ന പിറ്റേന്ന് അകത്ത് നിന്ന് അടച്ചിരുന്ന മുറിയുടെ ജനല്‍ ഗ്ലാസ് പൊട്ടിച്ച് നോക്കുകയും പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് മാതാവ് കാണുകയും ചെയ്തതാണ്. തൊട്ടടുത്ത വിട്ടുകാരേട് പോലും പറയാതെ രാജസ്ഥാനിലുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. സ്വന്തം മകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ട് യാതൊരു ഭാവഭേദവും ഇല്ലാതെ അയല്‍വാസികളെപോലും അറിയിക്കാതെയിരുന്നതിലും ദുരൂഹത ഉണ്ട്. രാജസ്ഥാനില്‍ നിന്നും പെണ്‍കുട്ടിയുടെ പിതാവ് എത്തിയാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. അയല്‍വാസികള്‍ പോലും മരണ വിവരം അറിയുന്നത് അപ്പോഴാണ്. എസ്.ഐ.യുടെയും പോലീസുകാരുടെയും സാന്നിദ്ധ്യത്തില്‍ സ്ഥലം സി.ഐയാണ് മുറിയുടെ കതക് ചവിട്ടി തുറന്നത്. പെണ്‍കുട്ടിയുടെ മരണത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമാകേണ്ടിയിരുന്ന ഫോണ്‍ എങ്ങിനെ അപ്രത്യക്ഷമായി എന്നതിലും ദുരൂഹതയുണ്ട്. സ്വന്തം മകള്‍ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടിട്ടും ജീവനുണ്ടോ മരിച്ചോ എന്നുപോലും ഉറപ്പിക്കാന്‍ മാതാവ് ശ്രമിച്ചില്ല. തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ടായിരുന്നിട്ടും എന്തു കൊണ്ടാണ് മാതാവ് ചുറ്റുപാടുള്ളരോട് സഹായ അഭ്യര്‍ത്ഥന നടത്താതെയിരുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. എസ്.ഐയും രണ്ട് അഡീഷണല്‍ എസ്.ഐമാരും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇന്‍ക്വസ്റ്റ് തയാറാക്കിയ ഉദ്യോഗസ്ഥരെ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഫോണ്‍ കണ്ടെത്തിയതെന്നാണ് അറിയുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥനും അന്വേഷണത്തിന് ചുവട് പിടിച്ചതായാണ് അറിവ്. ഇത്രയും നാള്‍ ഫോണ്‍ എവിടെയായിരുന്നു എന്നതും എന്തിനാണ് ഫോണ്‍ ഒളിപ്പിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ഈ കുടുംബത്തിന്റെ കെയര്‍ ടേക്കര്‍ ആരാണെന്നതു വ്യക്തമാക്കി . ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും, യൂത്ത കോണ്‍ഗ്രസും പ്രതിഷേധ സമരം നടത്തി. സമരം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. പി.പി. റഹിം, സിറില്‍ യോഹന്നാന്‍, ജസറ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയും രംഗത്തെത്തി. പ്രതികളെ ഭരണ കക്ഷിയുടെ ഒത്താശയോടെ സംരക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ പിന്നിലുള്ള ഉന്നതര്‍ക്കെതിരെ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ജില്ലാ ജനറല്‍ സെക്രട്ടറി സി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എ.വി.മുരളിധരന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വി.സി.വര്‍ഗീസ്, അംബിയില്‍ മുരുകന്‍, അഡ്വ.റ്റി.സി.എബ്രഹാം, സജി അയ്യപ്പന്‍,തോമസ് എന്നിവര്‍ പ്രസംഗിച്ചു.