ഏലം കാര്‍ഷിക വിളയായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു
നെടുങ്കണ്ടം: നാണ്യ വിളയായ ഏലം കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ കീഴില്‍ നിന്നും മാറ്റി സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ കാര്‍ഷിക വിളയായി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ കേരളത്തിലെ ഏലം കര്‍ഷകര്‍ക്കോ, സംസ്ഥാന സര്‍ക്കാരിനോ, വിപണനത്തില്‍ ഇടപെടാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ലോകത്തിലെ ഏറ്റവും ഗുണമേന്മയേറിയ ഏലയ്ക്കാ ഉല്‍പാദിപ്പിക്കുന്നത് കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളിലാണ്. കൃഷി പ്രധാന കാര്‍ഷികവൃത്തിയായി സ്വീകരിച്ചിരിക്കുന്നതും മണ്ണ്, പ്രകൃതി, ഇവയുടെ ഗുണം കൊണ്ട് ഏറ്റവും മികച്ച ഏലയ്ക്ക ഉല്‍പാദിപ്പിക്കപ്പെടുന്നതും ഈ മലനിരകളിലാണ്. എന്നാല്‍ ഏലം കര്‍ഷകര്‍ക്ക് അധ്വാനിച്ച് ഏലയ്ക്ക
ഉല്‍പാദിപ്പിക്കാം എന്നല്ലാതെ വിപണന രംഗത്ത് ഇടപെടാന്‍ സാധിക്കുന്നില്ലായെന്നതാണ് അവസ്ഥ. ഒരു പരിധിവരെ സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഇടപെടാനാവാത്ത അവസ്ഥയാണുള്ളത്. ഇതിന് പ്രധാന കാരണം ഏലം കാര്‍ഷിക വിളയായി പരിഗണിക്കാതെ നാണ്യവിള ഗണത്തില്‍പെടുത്തി നിയന്ത്രണം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും അതുവഴി സ്‌പൈസസ് ബോര്‍ഡിനും നല്‍കിയിട്ടുള്ളതിനാലാണ്. സ്‌പൈസസ് ബോര്‍ഡാവട്ടെ കാലാകാലങ്ങളായി വിപണന കുത്തകകളായ ലേല ഏജന്‍സികള്‍ക്കും വ്യാപാര മേഖല അടക്കിവാഴുന്ന തമിഴ് ലോബിക്കും സഹായകരമായ നിലപാടാണ് പിന്തുടര്‍ന്നു വരുന്നത്. ലേല കേന്ദ്രങ്ങളാകട്ടെ നിയമങ്ങള്‍ മറികടന്ന് ലേല ഏജന്‍സി എന്നതിനപ്പുറം വ്യാപാരികളായി മാറി ലേലം നിയന്ത്രിക്കുന്ന ശക്തികളായിത്തീര്‍ന്നു. വിപണി വില തങ്ങളുടെ താല്‍പര്യാര്‍ത്ഥം ഉയര്‍ത്താനും ഇടിക്കാനും പര്‍ച്ചേസിങ്, റീ പൂളിങ്, സെയില്‍സ് രംഗത്ത് ഇവരുടെ പ്രവൃത്തികള്‍ എന്നും കര്‍ഷകര്‍ക്ക് ദ്രോഹമാണ് വരുത്തിവെയ്ക്കുന്നത്. കൂടാതെ വില പരിഗണിക്കാതെയുള്ള സാമ്പിള്‍, കമ്മീഷന്‍ സംവിധാനവും കര്‍ഷകരെ കൊളളയടിക്കലാണ്. 1000 രൂപ വിലയുള്ളപ്പോള്‍ പത്തുരൂപ കമ്മീഷന്‍ വാങ്ങുന്ന ലേല ഏജന്‍സികള്‍ അധികച്ചിലവ് ഒന്നും ഇല്ലാതെ 3000 രൂപ വിലയുളളപ്പോള്‍ 30 രൂപ കമ്മീഷന്‍ വാങ്ങി മൂന്നിരട്ടി ലാഭം കൊയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു കൂടാതെ സ്‌പൈസസ് ബോര്‍ഡ് വ്യവസ്ഥകള്‍ പ്രകാരം കര്‍ഷകന് വിറ്റഴിഞ്ഞ ഉല്‍പന്നത്തിന്റെ വില യഥാസമയം നല്‍കാതെ ലേല ഏജന്‍സികള്‍ കോടിക്കണക്കിന് രൂപ കര്‍ഷകന് പലിശക്ക് നല്‍കി വീണ്ടും തങ്ങളുടെ കളളപ്പണം വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏലം കൃഷിയും കര്‍ഷകനും രക്ഷപെടമെങ്കില്‍ കൃഷി, വിപണന രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാവണം. ആയതിന് ഏലം നാണ്യവിളഗണത്തില്‍ നിന്നൊഴിവാക്കി കാര്‍ഷിക വിളയായി പരിഗണിക്കണം എന്ന ആവശ്യമാണ്
ഉയരുന്നത്.