‘സുധാകരന് മത്സരിക്കേണ്ട’; വഴങ്ങാതെ ഖര്‍ഗെ, വി ഡിക്കും കെ സിക്കും ഭിന്നാഭിപ്രായം

കെ സുധാകരന് മത്സരിക്കാന്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ അംഗീകാരം നല്‍കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് ഖര്‍ഗെ എന്നാണ് വിവരം. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാത്രി തന്നെ പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തിരക്കിട്ട നീക്കം.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി തെരഞ്ഞെടുപ്പ് നിരീക്ഷകൻ കെ ജെ ജോർജ് എന്നിവർ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ അടിയന്തര യോഗത്തിനെത്തി.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ടാം ഘട്ടം ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം.













































































