ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്ബോഴേയ്ക്കും രാജ്യം അടിമത്ത മനോഭാവത്തില്‍നിന്ന് സമ്ബൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്ബോഴേയ്ക്കും രാജ്യം അടിമത്ത മനോഭാവത്തില്‍നിന്ന് സമ്ബൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അടുത്ത 25 വര്‍ഷം പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടിയും മുന്നോട്ടുവച്ചു.
1. സമ്ബൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 3. പാരമ്ബര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കല്‍ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ചിന പരിപാടി.
കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി. നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ നേടിയെടുത്തു. ഒട്ടേറെ വളര്‍ന്നു. ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം.വിദേശ സംസ്‌കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ എന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവര്‍ത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. ഇതു പൂര്‍ണമായി ഇല്ലാതാക്കല്‍ പൗരധര്‍മമായി കാണണം. സ്ത്രീകളോട് അന്തസ്സായി പെരുമാറേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണ്. സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്.
പൗരധര്‍മം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാതിരിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും മോദി ആഹ്വാനം ചെയ്തു.