തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് വേണ്ട; അതൃപ്തി അറിയിച്ച് അടൂർ
പത്തനംതിട്ട: തന്‍റെയോ സിനിമയുടെയോ പേരിൽ പണം പിരിക്കരുതെന്ന് സംഘാടക സമിതിയെ വിളിച്ച് നിലപാട് അറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിനായി പണം പിരിക്കുന്നതിനുള്ള ഓർഡർ വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ് ഇറക്കിയ ഉത്തരവിൽ അടൂർ അതൃപ്തി അറിയിച്ചു.
അടൂർ ഗോപാലകൃഷ്ണന്‍റെ സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നായിരുന്നു ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം 5,000 രൂപ വരെ നൽകണം. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷം അടൂരിലാണ് നടക്കുന്നത്.
സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന് പണം ആവശ്യപ്പെട്ട് തദ്ദേശ വകുപ്പിന് അപേക്ഷ നൽകിയതായി സംഘാടക സമിതി കൺവീനർ ബാബു ജോൺ പറഞ്ഞു. വ്യാപക പണപ്പിരിവ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ലളിതമായി ആഘോഷങ്ങൾ നടത്താനാണ് തീരുമാനമെന്നും ബാബു ജോൺ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വയംവരത്തിന്‍റെ വാർഷികാഘോഷത്തിന് ധനസഹായം നൽകുന്നത് നിർബന്ധമല്ലെന്നും താൽപ്പര്യമുള്ളവർക്ക് നൽകാമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഇത് സാധാരണയായി ചെയ്യുന്ന കാര്യമാണ്. മുമ്പും പലതവണ ഇത് ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.