കട്ടപ്പുറത്തെ കേരള സർക്കാർ; ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രത്തിൽ പറയുന്നു.
അപകടകരമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. നിലവിൽ നാല് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് കേരള സർക്കാരിനുള്ളത്. പൊതുകടം ജിഎസ്ഡിപിയേക്കാൾ 39.1 ശതമാനം കൂടുതലാണ്. നികുതി വരുമാനം കുറഞ്ഞു. നികുതി ഇനത്തിൽ പ്രതീക്ഷിച്ച 71,000 കോടി രൂപയിൽ നിന്ന് 13,000 കോടി രൂപയുടെ കുറവുണ്ടായി. കിഫ്ബി വലിയ പരാജയമാണെന്നും പ്രതിപക്ഷം വിമർശിച്ചു.
നികുതി പിരിവിലെ കെടുകാര്യസ്ഥതയേയും നേതാക്കൾ കുറ്റപ്പെടുത്തി. ജിഎസ്ടി വന്നതോടെ നികുതി കുറഞ്ഞു. നികുതി പിരിവ് സമ്പ്രദായം പുനഃസംഘടിപ്പിക്കുമെന്നത് വെറും പ്രഖ്യാപനം മാത്രമാണ്. 70,000 കോടിയുടെ നഷ്ടമുണ്ടായി. സാമൂഹ്യ സുരക്ഷാ പദ്ധതിയായി 8,000 കോടി രൂപ സർക്കാർ നൽകാനുണ്ട്. അഴിമതിയും ധാരാളിത്തവുമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും ദുരിതത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സർക്കാരാണിതെന്നും നേതാക്കൾ വിമർശിച്ചു.