ഷട്ടർ ഇട്ട കടയുടെ ഉള്ളിലേക്ക് ഡീസൽ ഒഴിച്ച ശേഷം പേപ്പർ കത്തിച്ച് തീയിട്ടു; ക്രൂരത


ഇലപ്പള്ളി ∙ പാത്തിക്കപ്പാറ ജോസിന്റെ പലചരക്ക് കടയ്ക്ക് ആരോ തീയിട്ടു . രാവിലെ കടയിൽ പത്രം എടുക്കാനായി എത്തിയപ്പോൾ ജോസിന്റെ ഭാര്യ മോളിക്കു കടയ്ക്കുള്ളിൽ തീകത്തി എന്നു സംശയം തോന്നി. തുടർന്നു ജോസിനെ വിവരം അറിയിച്ചു. ജോസ് എത്തി കട തുറന്നപ്പോഴാണ് തീ പടർന്നത് കാണുന്നത്. ഉടൻ തന്നെ കാഞ്ഞാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തി. ഷട്ടർ ഇട്ട കടയാണിത്. കടയുടെ ഉള്ളിലേക്ക് ഡീസൽ ഒഴിച്ച ശേഷം പേപ്പർ കത്തിച്ച് തീയിട്ടതാണെന്നാണു സംശയിക്കുന്നു.
കട തുറന്നപ്പോൾ ഡീസലിന്റെ മണം ഉണ്ടായിരുന്നു. സോഡാ കുപ്പികൾ വച്ചിരുന്ന പ്ലാസ്റ്റിക് പാത്രം കത്തി ഉരുകി കടയുടെ അകത്തും പുറത്തും വീണിട്ടുണ്ട്. സോഡാ കുപ്പികൾ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഡീസൽ അകത്തേക്കു കൂടുതൽ ഒഴുകാതായത് മൂലം കാര്യമായ നാശനഷ്ടം ഉണ്ടായില്ല. പ്ലാസ്റ്റിക് കവറുകളിൽ ഉണ്ടായിരുന്ന ബേക്കറി സാധനങ്ങൾ, അരി ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു.