നടിയെ ആക്രമിച്ച കേസ്; വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി


നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു.
കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകൻ തിരിച്ച് ചോദിച്ചു.ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
നടിയുടെ ഉപഹർജിയിലായിരുന്നു നടപടി. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.