പാര്‍ലമെന്റ് അംഗമെന്ന പദവി അലങ്കാരമല്ല, മറിച്ച് ഉത്തരവാദിത്തമാണെന്ന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‍സ് ജോര്‍ജ്
തൊടുപുഴ മണക്കാട് കുന്നത്തുപാറയില്‍ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാണ്യവിളകളുടെ വിലത്തകര്‍ച്ച ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗമെന്ന പദവിയുടെ സാധ്യതയുപയോഗിച്ച് ഇടപെട്ട് പരിഹരിക്കേണ്ട നിരവധി വിഷയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ശേഷമുള്ള വിവിധ വാണിജ്യ കരാറുകള്‍ കാരണം ജീവിതം വഴിമുട്ടുന്ന നിരവധി കര്‍ഷകരുണ്ട്. അവരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഈ നിയമങ്ങളിലൊക്കെ എഴുതിച്ചേര്‍ക്കണം, ഉള്ളവ ഉപയോഗിക്കുകയും വേണം. ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എംപിയായിരുന്നപ്പോള്‍ നടത്തിയിരുന്നു. എന്നാല്‍ അതിന് തുടര്‍ച്ചയുണ്ടായില്ല.
നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതയായ നിയമത്തിന് മുന്നിലെ തുല്യതയാണ് കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ നമ്മുടെ സ്വാതന്ത്രം കൂടിയാണ് ഇല്ലാതാകുന്നത്. ഭരണഘടനയ്‍ക്കെതിരെ നടക്കുന്ന ചെറുതും വലുതുമായ എല്ലാ നീക്കങ്ങള്‍ക്കെതിരെയും ശക്തിയുക്തം പ്രതിഷേധിക്കണം. ഇതിന് എല്‍ഡിഎഫിന് മാത്രമേ സാധ്യമാകൂ. രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എന്നും നിലപാടുകള്‍ എടുത്തിട്ടുള്ളത് ഇടതുപക്ഷമാണ്. ആ നിലപാടുകള്‍ പാര്‍ലമെന്റിലും പ്രതിഫലിക്കണം. ജോയ്‍സ് പറഞ്ഞു.