‘നരേന്ദ്ര മോദി സർക്കാരിന് ഇത് മൂന്നാം ഇന്നിങ്സിന്റെ സമയം’: നടി ശോഭന


നരേന്ദ്ര മോദി സർക്കാരിന് ഇത് മൂന്നാം ഇന്നിങ്സിന്റെ സമയമെന്ന് നടി ശോഭന. മോദിയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളാണ് കേരളത്തിലേത്. കേരളത്തിൽ ഭൂരിഭാഗവും ബുദ്ധിജീവികൾ, തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്.
നടക്കില്ലെന്ന് കരുതിയ പലതും മോദി സർക്കാർ നടപ്പിലാക്കി കാണിച്ചെന്ന് ശോഭന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭന.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുത്തു. സ്ഥാനാര്‍ഥിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്‍കി.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ഇപ്പോൾ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും ശോഭന പറഞ്ഞു.
നേരത്തെ, തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലും ശോഭന അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് ശോഭന രംഗത്തിറങ്ങിയിരിക്കുന്നത്.