റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 115 ആയി
നിരവധിപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ആക്രമണവുമായി ബന്ധമുള്ള 11 പേരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ നാലുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ്. ഏറ്റെടുത്തിരുന്നു.
ഇന്നലെ രാത്രി മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീതപരിപാടിയിലാണ് യന്ത്രത്തോക്കുമായി അക്രമികള്‍ ഇരച്ചുകയറിയത്. ഇതോടെ ആളുകള്‍ ചിതറിയോടി. കെട്ടിടത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനമുണ്ടായി. പ്രശസ്ത റോക്ക് ബാന്‍ഡായ പിക്നിക്കിന്‍റെ സംഗീത പരിപാടിക്കായി 6500 പേരാണ് ടിക്കറ്റെടുത്തിരുന്നത്. സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പുണ്ടായത്. ക്രോക്കസ് ഹാളിന്‍റെ മേല്‍ക്കൂരയിലേക്കടക്കം തീപടര്‍ന്നു. പ്രതിരോധ ആസ്ഥാനമായ ക്രെംലിനില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാള്‍.
റഷ്യയില്‍ ഐ.എസ് ആക്രമണത്തിനൊരുങ്ങുനുവെന്ന് സൂചനകള്‍ കിട്ടിയിരുന്നെന്നും ഇക്കാര്യം റഷ്യയെ അറിയിച്ചിരുന്നുവെന്നും യു.എസ് എംബസി വ്യക്തമാക്കി. കൂടുതല്‍ ആളുകളെത്തുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യു.എസ് പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിരുന്നു. മുന്നറിപ്പുകള്‍ അവഗണിച്ചെന്നും സുരക്ഷാവീഴ്ചയെന്നും റഷ്യയ്ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമവുമായി ബന്ധമില്ലെന്ന് യുക്രെയിന്‍ വ്യക്തമാക്കി. അമേരിക്കയടക്കം യുക്രെയിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. റഷ്യന്‍ ജനതയ്ക്കൊപ്പമെന്ന് പ്രധാനമന്ത്രിയും എക്സില്‍ കുറിച്ചു.