പകൽ സമയം കാണാറില്ല,നിധീഷിനെയും വിഷ്ണുവിനെയും നാട്ടുകാർ കണ്ടിട്ടുള്ളത് കൂടുതലും രാത്രി കാലങ്ങളിൽ. ആരെങ്കിലും സംസാരിക്കാൻ വന്നാൽ മുഖത്തു പോലും നോക്കാത്ത പ്രകൃതം
ഇടുക്കി : ഒൻപത് മാസത്തിലധികമായി കക്കാട്ടുകടയിലെ വാടക വീട്ടിൽ,വിഷ്ണു,മാതാവ് സുമ,സഹോദരി വിദ്യ, നിധീഷ് എന്നിവർ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കുവാൻ അയൽവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.ചില രാത്രികളിൽ മാത്രം പുറത്ത് കണ്ടിട്ടുള്ള നിധീഷിനെയും,അയല്പക്കത്തെ വീട്ടിൽ വെള്ളം എടുക്കാൻ എത്തിയിരുന്ന വിഷ്ണുവിനെയും മാത്രമാണ് നാട്ടുകാർക്ക് അറിയാമായിരുന്നത്.രണ്ട് പേരാണ് താമസിക്കുവാൻ ഉള്ളതെന്ന് വീട്ടുടമയെയും വിശ്വസിപ്പിച്ചു.
സുമയും,വിദ്യയും വീടിനുള്ളിൽ ഉള്ളതായുള്ള ഒരു സൂചനയും അയൽവാസികൾക്ക് ഇല്ലായിരുന്നു.വാടകയ്ക്ക് താമസം ആരംഭിച്ച ആദ്യകാലങ്ങളില്‍ വിജയനനെ കണ്ടതായി ചിലർ പറയുന്നുണ്ട്.ആഭിചാര ക്രിയകൾ ചെയ്യുന്ന നിധീഷിന്റെ നിർദേശപ്രകാരമാണ് കുടുംബം മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ചത്.വീടിനുള്ളിൽ ഒരു മുറിയിൽ കഴിയുന്ന മകളെ കാണുവാൻ പോലും അമ്മ സുമയെ അനുവദിച്ചിരുന്നില്ല.കറുത്ത കർട്ടനുകൾ ഉപയോഗിച്ച് എല്ലാം ജനാലകളും അടച്ചിരുന്നു. അടുക്കള ഉണ്ടെങ്കിലും ഭക്ഷണം പാകം ചെയ്തിട്ടില്ല.എന്നാൽ വിദ്യ കഴിഞ്ഞിരുന്ന മുറിയിൽ ഭക്ഷണം പാകം ചെയ്തിരുന്നു.ഈ മുറിയിൽ കിളികളെയും വളർത്തിയിരുന്നു.
നേരത്തെ ഹരിതകര്‍മ സേന വീട്ടുമാലിന്യം ശേഖരിക്കുന്നതിനായി വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല.
തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്തംഗം രമ മനോഹരന്‍ വീട്ടിലെത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു.ആഭിചാര ക്രിയകൾക്കായി വീട്ടിൽ രണ്ടിടത്തായി പ്രത്യേക രീതിയിൽ കറുത്ത പടുത ഉപയോഗിച്ച് മറച്ചിട്ടുണ്ട്.ഇതിനുള്ളിൽ ചില ഫോട്ടോകളും വിളക്കുകളും ഉൾപ്പടെ വച്ചിട്ടുണ്ട്.മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചു വിജയനെയും,സുമയെയും, വിഷ്ണുവിനെയും ആഭിചാര ക്രിയകളിൽ ആകൃഷ്ടരാക്കിയാണ് നിധീഷ് ഇവരുടെ വിശ്വാസം നേടിയെടുത്തത്.