മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി
മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി
*9.8 കോടി മുടക്കി അഞ്ച് സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍
ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി ഇനി വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം സമൂഹത്തിന് കൂടുതല്‍ മിഴിവോടെ പകരും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായ നവ കേരളം കര്‍മ്മ പദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക കെട്ടിടങ്ങളും ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് ജില്ലയിലെ അഞ്ച് സ്‌കൂളുകള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളായത്. ഗവ. എച്ച്.എസ്.എസ് തോപ്രാംകുടി, കല്ലാര്‍ വട്ടിയാര്‍ സ്‌കൂള്‍, അമരാവതി ഗവ. എച്ച്.എസ്.എസ്, പഴയരിക്കണ്ടം ഗവ. എച്ച്.എസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുങ്ങിയത്. 9.8 കോടി രൂപ മുടക്കിയാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഇതോടെ ജില്ലയിലെ 37 സ്‌കൂളുകള്‍ക്കാണ് പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമായത്.
2019-20, 2020-21 വര്‍ഷങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ട് മുഖേന അനുവദിച്ച ഒരു കോടി 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കല്ലാര്‍ വട്ടിയാര്‍ ഹൈസ്‌കൂളില്‍ കെട്ടിടം നിര്‍മിച്ചത്. 2400 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളുണ്ട്. കമ്പിലൈന്‍, കല്ലാര്‍, പീച്ചാട്, കുരിശുപാറ, തോട്ടപ്പാറ, പ്ലാമല, പെട്ടിമുടി, തലമാലി, കുഴി എട്ടേക്കര്‍ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. 1956 ല്‍ കുടിപ്പളളിക്കൂടമായി ആരംഭിച്ച് 1961 ല്‍ എല്‍.പി സ്‌കൂളായും 1979 ല്‍ യു.പി സ്‌കൂളായും 2013 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തുകയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ട് മുഖേന അനുവദിച്ച 1.7 കോടി രൂപ ഉപയോഗിച്ചാണ് തോപ്രാംകുടി ഗവണ്‍മെന്റ് എച്ച്.എസ്.എസ് ന് പുതിയ കെട്ടിടം നിര്‍മിച്ചത്. 628 ചതുരശ്ര വലുപ്പമുള്ള കെട്ടിടത്തില്‍ 10 ക്ലാസ് മുറികളും നാല് ശുചിമുറികളുമാണുള്ളത്.
കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന അമരാവതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. 1962ല്‍ സ്ഥാപിതമായ സ്‌കൂളില്‍ പ്രീ പ്രൈമറി മുതല്‍ 12 ാം ക്ലാസ് വരെ പ്രവര്‍ത്തിക്കുന്നുണ്ട്. 1991 ലാണ് സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടത്.
കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പഴയരികണ്ടം ഗവണ്മെന്റ് ഹൈസ്‌കൂളിന് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 4200 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടത്തില്‍ ഏഴ് ക്ലാസ് മുറികളുണ്ട്. 1973 ല്‍ എല്‍പി സ്‌കൂളായി സ്ഥാപിതമായ സ്‌കൂള്‍ പിന്നീട് യു പി സ്‌കൂളായും 2011 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. മലയോര മേഖലയായ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കാന്‍ അഞ്ചു ബസുകള്‍ സ്‌കൂളിന് സ്വന്തമായുണ്ട്. 13 വര്‍ഷം തുടര്‍ച്ചയായി എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്.
നവകേരളം വിദ്യാകിരണം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. തോട്ടംമേഖലയിലെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍. 60 വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി പീരുമേട് സബ് ജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന സ്‌കൂളാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍.