മൂന്നാറിലെ പരാജയം, ലോക്സഭാതിരഞ്ഞെടുപ്പ്; എസ് രാജേന്ദ്രനെ തിരികെയെത്തിക്കാന്‍ സിപിഐഎം
ഇടുക്കി: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ തിരികെയെത്തിക്കാന്‍ സിപിഐഎം ശ്രമം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് എസ് രാജേന്ദ്രനെ കണ്ട് പാര്‍ട്ടി അംഗത്വം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചു. മൂന്നാര്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് എസ് രാജേന്ദ്രനെ തിരികെയെത്തിക്കാന്‍ ശ്രമം നടത്തുന്നത്.
ദേവികുളം നിയോജക മണ്ഡലത്തിലുള്‍പ്പെടെ മൂന്നാറില്‍ ശക്തമായ സാന്നിധ്യമുള്ള തമിഴ് വംശജരില്‍ നിന്നുള്ള സിപിഐഎം നേതാക്കളില്‍ പ്രമുഖനാണ് രാജേന്ദ്രന്‍. രാജേന്ദ്രന് സമുദായാംഗങ്ങളുമായും ആഴത്തിലുള്ള ബന്ധമുണ്ട്. രാജേന്ദ്രന്റെ അഭാവം മൂന്നാറില്‍ പാര്‍ട്ടിയെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാറിലെ രണ്ട് വാര്‍ഡുകളിലും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ജനുവരി 24ന് രാജേന്ദ്രന്‍ എകെജി സെന്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചിരുന്നു. അതേസമയം പാര്‍ട്ടിയില്‍ നിന്നും ഉറപ്പ് ലഭിക്കാതെ തിരികെപോകില്ലെന്ന നിലപാടിലാണ് എസ് രാജേന്ദ്രന്‍.
2022 ജനുവരിയിലായിരുന്നു ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടി പുറത്താക്കിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം.