ഫയലിൽ ഒരു ജീവിതമുണ്ടെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ; ഉദ്യോഗസ്ഥരില്ല; ഓഫിസുകൾക്ക് മെല്ലെപ്പോക്ക്
ലോക്ഡൗണിൽ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർനില പകുതിയായി കുറച്ചതോടെ ഫയൽ നീക്കം മന്ദഗതിയിലായി. ഒരു ഫയലിൽ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടെങ്കിലും പകുതി ജീവനക്കാരെ വച്ചു പണിയെടുത്തു മടുത്ത് ഉദ്യോഗസ്ഥർ. ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിലെ അവസ്ഥ ഇങ്ങനെ,
ലോക്ഡൗണിൽ കുടുങ്ങി റവന്യു വകുപ്പ്
വില്ലേജ് ഓഫിസുകളിൽ ഫീൽഡ് തല പരിശോധനകൾ മുടങ്ങി. ഹിയറിങ് പരാതികളിൽ തീരുമാനമാകാതെ കിടക്കുന്നു. സർവേ നടപടികളും ഇഴയുന്നു. 25 ശതമാനം പേർ മാത്രമാണ് ഓഫിസുകളിലെ ഹാജർനില. ജില്ലയ്ക്കു പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരാണ് ജില്ലയിൽ റവന്യു വിഭാഗത്തിൽ കൂടുതലും. ഇവരിൽ പലരും മാസങ്ങളായി വീട്ടിൽ പോയിട്ട്. ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ഇക്കുറി പട്ടയമേളകൾ താമസിക്കാൻ സാധ്യതയുണ്ട്.
തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചാണു പട്ടയങ്ങൾ തയാറാക്കേണ്ടത്. പട്ടയങ്ങൾ എഴുതിത്തയാറേക്കണ്ടതടക്കമുള്ള ഓഫിസ് ജോലികൾ വേറെയും. ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ ജില്ലയിലെവിടെയും റീസർവേ നടത്തിയിട്ടില്ല. പതിനായിരങ്ങളാണ് പട്ടയം കാത്തിരിക്കുന്നത്. എത്രയും പെട്ടെന്നു നൽകാനാണു ശ്രമമെന്നു റവന്യു അധികൃതർ പറയുന്നു
ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയിട്ട് മൂന്നു മാസം
ഗതാഗത വകുപ്പിൽ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി. 3 മാസമായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ട്. ഇത് എന്നു തുടങ്ങാനാകുമെന്നതിൽ തീരുമാനമായിട്ടില്ല. ലേണേഴ്സ് ലൈസൻസ് എടുത്തവരുടെ ലേണേഴ്സ് ലൈസൻസിന്റെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. നിബന്ധനകൾ വച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്തിയാലും ലേണേഴ്സ് ലൈസൻസ് എടുത്ത എല്ലാവർക്കും ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ സാവകാശം ലഭിക്കില്ലെന്ന ആശങ്കയുണ്ട്. മറ്റു സേവനങ്ങൾ ഓൺലൈനിലൂടെ നടക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഹാജർ
കോവിഡ് പ്രതിസന്ധിയിലും മുടക്കമില്ലാതെ നഗരസഭയും പഞ്ചായത്തുകളും. തൊടുപുഴ നഗരസഭയിൽ 90 ശതമാനം ജീവനക്കാരും ജോലിക്കെത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ ജീവനക്കാർക്കും മുലയൂട്ടുന്ന അമ്മമാരായ ജീവനക്കാർക്കും ഇളവ് നൽകിയിരിക്കുന്നതിനാൽ ഇത്തരത്തിലുള്ള ഏതാനും ജീവനക്കാർ മാത്രമാണ് എത്താതിരുന്നത്.
ഏറെ ദൂരെയുള്ള ഏതാനും ജീവനക്കാർ കലക്ടറുടെ നിർദേശ പ്രകാരം അവരുടെ അടുത്തുള്ള തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ലോക്ഡൗൺ ഇളവ് വന്നതോടെ ഇവരും നഗരസഭ ഓഫിസിലെത്തി. അതേസമയം ഓഫിസിനുള്ളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണമുണ്ട്.
മുടക്കമില്ലാതെ കൃഷിവകുപ്പ്
ഉദ്യോഗസ്ഥരും കർഷകരും ജനപ്രതിനിധികളും ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകൾ വഴിയാണു കൃഷിഭവൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പല കൃഷിഭവനുകളും അടച്ചിടേണ്ട സാഹചര്യം ഉണ്ടായപ്പോഴും ഫോണിലൂടെയും മറ്റും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നു. ലോക്ഡൗണിൽ യാത്രയ്ക്കു ബുദ്ധിമുട്ടുകളുണ്ടെങ്കിലും പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തി ധനസഹായത്തിനുള്ള നടപടികൾ കൃത്യമായി സ്വീകരിച്ചിട്ടുണ്ട്.
കാർഷിക പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഓൺലൈൻ വഴിയായതിനാൽ പ്രതിസന്ധിയുണ്ടായില്ല. ജില്ലയിൽ കൂടുതലാളുകൾ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു എന്നൊരു നേട്ടവും ലോക്ഡൗൺ മൂലം ഉണ്ടായിട്ടുണ്ട്. ഇതുമുൻകൂട്ടി കണ്ടു കൂടുതൽ വിത്തുകളും തൈകളും വിതരണം ചെയ്യാനും കൃഷിവകുപ്പിനു സാധിച്ചു.