നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഭാഗത്തേക്ക് വരുകയായിരുന്ന കാർ തലകീഴായി മറിഞ്ഞു; പരുക്കുകളോടെ ഒരു കുടുംബത്തിലെ 3 പേർ രക്ഷപ്പെട്ടു
കട്ടപ്പന ∙ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൃഷിയിടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. തൊട്ടു താഴെ വീട് ഉണ്ടായിരുന്നെങ്കിലും അവിടേക്ക് വാഹനം വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കുമരകം സ്വദേശികളായ ദമ്പതികൾക്കും മകൾക്കുമാണ് പരുക്കേറ്റത്. അടിമാലി-കുമളി ദേശീയപാതയിൽ കാൽവരി മൗണ്ടിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു അപകടം.
കട്ടപ്പന ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ച ശേഷം തലകീഴായാണ് കൃഷിയിടത്തിലേക്ക് മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെ കുഴിയിൽ അകപ്പെട്ടതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് വിവരം. പരുക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമണി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.