ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13നോ അതിനുശേഷമോ ഉണ്ടായേക്കും
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13നോ അതിന് ശേഷമോ ഉണ്ടായേക്കും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിന് ചെന്നൈയിലാണ് കമ്മിഷന്‍ അംഗങ്ങളുള്ളത്. യുപിയിലും ജമ്മുകശ്മീരിലും തുടര്‍ന്ന് സന്ദര്‍ശിക്കും. ആന്ധ്ര, അരുണാചല്‍, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും.
ജമ്മുകശ്മീരില്‍ സുരക്ഷാസാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടത്തും. പ്രചാരണരംഗത്ത് അടക്കം കര്‍ശന നീരീക്ഷണത്തിന് നിര്‍മിതബുദ്ധി ഉപയോഗിക്കും. സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ടലംഘനത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ല. 96.88 കോടി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. 2019ല്‍ ഏപ്രില്‍ 11 മുതല്‍ മേയ് 19വരെ ഏഴ് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നായിരുന്നു ഫലപ്രഖ്യാപനം.