ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ SFI പ്രവർത്തകർക്ക് ബിജെപി പ്രവർത്തകരുടെ മർദനം
തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. SFI പ്രവർത്തകരെ BJP പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.
ഇന്നലെയും ഗവർണറുടെ പരിപാടികൾ തൃശൂരിൽ ഉണ്ടായിരുന്നു. ബിജെപി ആർഎസ്എസ് അനുഭാവികളാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്നും ഗവർണർക്ക് ഉച്ചതിരിഞ്ഞു രണ്ടു പരിപാടികൾ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്.
വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള 25 എസ്.എഫ്.ഐക്കാരെയാണ് പോലീസ് പിടികൂടിയത്. ഗവർണറുടെ വാഹനവ്യൂഹത്തിനടുത്തെത്തിയായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം. സമരക്കാരുടെ മുഖത്തും കണ്ണിലും മർദിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലും പ്രവർത്തകർ പ്രതിഷേധിച്ചു.