വലിയ നോമ്പിൻ്റെ പുണ്യത്തിലേക്ക് ക്രൈസ്തവർ
ഇടുക്കി: ക്രൈസ്‌തവ ലോകം ഇന്നുമുതൽ വലിയനോമ്പിന്റെ പുണ്യത്തിലേക്ക്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളുണർത്തുന്ന അമ്പതു ദിനങ്ങളാണ് ഇനി കടന്നുവരിക.
ദേവലായങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും കുരിശിന്റെ വഴികളുമായി ഈ ദിവസങ്ങൾ ആചരിക്കും. മത്സ്യ, മാംസാദികൾ വർജിച്ച് ഭക്ഷണ ക്രമത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തുന്ന ദിവസങ്ങൾ കൂടിയാണിത്.
സിറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ ദിനത്തോടെ ഇന്നു നോമ്പാചരണത്തിനു തുടക്കമാകും. ഇന്നു രാവിലെ പ്രത്യേക തിരുക്കർമങ്ങൾ നടക്കും.ശുശ്രൂഷാമാധ്യേ കരികൊണ്ടുള്ള കുരിശ് നെറ്റിയിൽ വരയ്ക്കും. ലത്തീൻ സഭ യിൽ ഇതു ക്ഷാര ബുധനായിട്ടാണ് ആചരിക്കുക.
വിവിധ മലങ്കര സുറിയാനി സഭാ ദേവാലയങ്ങളിൽ നോമ്പിന്റെ പ്രാരംഭമായി ഇന്നലെ സന്ധ്യയ്ക്കും ഇന്നുമായി സമാധാനത്തിന്റെയും നിരപ്പിന്റെയും പ്രത്യേക ശുബ്കോനോ ശുശ്രൂഷ നടത്തും. വലിയ നോമ്പിനു മുന്നോടിയായി ക്രൈസ്തവ ഭവനങ്ങളിൽ ഇന്നലെ പ്രേത്രത്തെ ആചരിച്ചു.
അൻപതു നോമ്പാചണത്തിനു മുന്നോടിയായാണു തിരിഞ്ഞുനോട്ടം എന്നർഥമുള്ള പേത്രത്ത ആഘോഷം. പാപപങ്കിലമായ ജീവിതത്തോടു വിടപറഞ്ഞു നോമ്പുകാലത്തിന്റെ വിശുദ്ധിയിലേക്കു വഴിമാറുന്നു എന്ന അർഥത്തിലാണു പേത്രത്ത ആഘോഷിച്ചത്.
നോമ്പുദിവസങ്ങളിൽ ഒഴിവാക്കേണ്ട ആഹാരപദാർഥങ്ങൾ മിച്ചം വരുത്താതെ ഭക്ഷിച്ചുതീർക്കുകയും അവ പാകം ചെയ്തിരുന്ന മൺപാത്രങ്ങൾ ഉടച്ചുകളഞ്ഞു വ്രതശുദ്ധിയോടെ നോമ്പിലേക്കു കടക്കുകയുമാണു പാരമ്പര്യം. ഇന്ന് ആരംഭിക്കുന്ന വലിയ നോമ്പ് പെസഹ വ്യാഴം, ദുഖവെള്ളി എന്നിവയിലൂടെ കടന്ന് ഈസ്റ്റർ ആചരണത്തോടെ സമാപിക്കും.