‘68,000 കോടിയുടെയും 11,000 കോടിയുടെയും പദ്ധതികൾ’; നരേന്ദ്ര മോദി ഇന്ന് ഒഡീഷയും അസമും സന്ദര്‍ശിക്കും


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയും അസമും സന്ദര്‍ശിക്കും. റോഡ്, റെയില്‍വേ, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. ഒഡീഷയിലെ സംബല്‍പൂരില്‍ 68,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് രാജ്യത്തിന് സമർപ്പിക്കുന്നത്.
ശൈലശ്രീ കൊട്ടാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സംബാല്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഒഡീഷയിലെ സംബാല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഊര്‍ജ മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും ആണ് നടക്കുക.
ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള മാ കാമാഖ്യ ദിവ്യ പരിയോജനക്ക് പ്രധാനമന്ത്രി തറക്കല്ലിടും. സ്പോര്‍ട്സ്, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള പ്രോജക്ടുകള്‍ ഗുവാഹത്തിയില്‍ പ്രധാന ശ്രദ്ധയാകും.