മൂന്നാര്‍ പച്ചക്കറി മാര്‍ക്കറ്റിലെ കടകള്‍ പൊളിച്ചു
പച്ചക്കറി മാർക്കറ്റിനുള്ളില്‍ സ്ഥലം കൈയേറി പ്രവർത്തിച്ചിരുന്ന എട്ട് കടകള്‍ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കി.അബ്ദുല്‍ബാരി, ശങ്കർ, സ്റ്റീഫൻ, കാട്ടുരാജ, പരമശിവൻ, മുരുകയ്യ, രാംദാസ് എന്നിവരുടെ കടകളാണ് പൊളിച്ചത്. തങ്ങളുടെ കടകള്‍ മറയ്ക്കുന്നുവെന്നും വഴി തടസപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി മറ്റ് വ്യാപാരികള്‍ ചേർന്ന് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്നാർ പച്ചക്കറി മാർക്കറ്റ് കെ.ഡി.എച്ച്.പി കമ്ബനിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കച്ചവടം നടത്തുന്നതിനായി 16 ചതുരശ്രഅടി സ്ഥലം വീതമാണ് കമ്ബനി ഇവർക്ക് പാട്ടത്തിന് നല്‍കിയിരുന്നത്.
എന്നാല്‍, ഇവർ പാതയോരം കൈയേറി കടകള്‍ വിപുലമാക്കിയിരുന്നു. ഇതോടെ മറ്റ് കടകളിലേക്കുള്ള വഴി തടസപ്പെട്ടു. കാല്‍നടയാത്ര ബുദ്ധിമുട്ടിലായി. ഇതോടെയാണ് മറ്റ് വ്യാപാരികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, സ്ഥലം കൈയേറി സ്ഥാപിച്ച കടകള്‍ പൊളിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയും നിർദേശം നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയോടെ കടകള്‍ പൊളിച്ചുനീക്കി.