അർജന്റീനയുടെ ചൈനീസ് പര്യടനം; ഐവറി കോസ്റ്റിനെതിരെയും നൈജീരിയയ്ക്കെതിരെയും മത്സരങ്ങൾ


ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ചൈനീസ് പര്യടനത്തിൽ ഐവറി കോസ്റ്റിനെതിരെയും നൈജീരിയയ്ക്കെതിരെയും മത്സരങ്ങൾ. മാർച്ച് 18 മുതൽ 26 വരെയാണ് അർജന്റീനയുടെ ചൈനീസ് പര്യടനം. അതിനാല്‍ മാർച്ച് 23ന് മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകും. എന്നാൽ മത്സരത്തിന്റെ തിയതികൾ പിന്നീട് പ്രഖ്യാപിക്കും.
ഈ സമയത്ത് അർജന്റീനൻ താരങ്ങൾക്ക് അവരുടെ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. ക്ലബുകളോട് ദേശീയ ടീമിനായി താരങ്ങളെ വിട്ടുതരണമെന്ന് അർജന്റീന ഫുട്ബോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർ മയാമിയുടെ മേജർ ലീഗ് സോക്കറിലെ ആദ്യ മത്സരം ഫെബ്രുവരി 21 മുതലാണ്.
കോപ്പ അമേരിക്ക നിലനിർത്തുകയാണ് അർജന്റീനൻ ഫുട്ബോളിന്റെ പ്രധാന വെല്ലുവിളി. ജൂൺ 21ന് കാനഡയോ ട്രിനിഡാഡ് ആന്റ് ടുബാഗോയോ അർജന്റീനയ്ക്ക് എതിരാളികളാകുമെന്നാണ് സൂചന. പെറുവും ചിലിയുമാണ് ആദ്യ ഘട്ടത്തിൽ അർജന്റീനയുടെ മറ്റ് എതിരാളികൾ.