തൂക്കുപാലം വൈഎംസിഎയുടെയും വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെയും നേതൃത്വത്തിൽ ഡിസംബർ 17 ന് തൂക്കുപാലത്ത് സംയുക്ത ക്രിസ്തുമസ് ആഘോഷം നടക്കും


ഗ്ലോറിയ 2കെ23 എന്ന് പേരിട്ടിരിക്കുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ മേഖലയിലെ നൂറുകണക്കിന് ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നതിനൊപ്പം വൈ എം സി എയുടെയും പട്ടം കോളനി മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് തൂക്കുപാലത്ത് ഇത്തവണ ക്രിസ്തുമസ് ആഘോഷം നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചരയോടെ കൂടി തൂക്കുപാലം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഫ്ലോട്ടുകൾ, ക്രിസ്തുമസ് പാപ്പാന്മാർ, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടുകൂടി വർണ്ണശബളമായ റാലിയോടെയാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. തുടർന്ന് വിജയമാതാ പബ്ലിക് സ്കൂൾ അങ്കണത്തിൽ വച്ച് കരോൾ ഗാനമത്സരവും വിവിധ കലാപരിപാടികളും നടക്കും. വിവിധ ദേവാലയങ്ങളിലെ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേകആഘോഷ രാവും സംഘടിപ്പിക്കും.
ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികളായ സിബി കിഴക്കേമുറി, മാത്യു ഡാനിയൽ, മജു,ഷാജി കണ്ണക്കുഴി, സണ്ണി ജോൺ തുടങ്ങിയവർ അറിയിച്ചു.