ടവര്‍ നോക്കുകുത്തി; ഓണ്‍ലൈന്‍ പഠനം മുടങ്ങി വിദ്യാര്‍ഥികള്‍
നെടുങ്കണ്ടം: പത്ത് വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ബി.എസ്.എന്‍.എല്‍ ടവര്‍ കമ്മിഷനിങ് നടന്നില്ല. കോവിഡ് മഹമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠന സംവിധാനത്തെ ആശ്രയിക്കുമ്പോളാണ് ഈ ദുരവസ്ഥ. നെടുങ്കണ്ടം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച ബി.എസ്.എന്‍.എല്‍ ടവറാണ് കമ്മിഷന്‍ ചെയ്യാത്തത്. മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ, പൊന്നാമല, ബഥേല്‍, മെലേചിന്നാര്‍, ഈട്ടിത്തോപ്പ്, മഞ്ഞപ്പാറ ഉള്‍പ്പെടുന്ന മേഖലകളിലാണ് റേഞ്ചില്ലാത്തത്. ബി.എസ്.എന്‍.എല്‍ സേവനം ആരംഭിച്ച കാലത്ത് മേഖലയില്‍ റേഞ്ച് ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് നെറ്റ് വര്‍ക്ക് തകരാറിലായത്.
10 വര്‍ഷം മുന്‍പ് നിര്‍മിച്ച ടവര്‍ കമ്മിഷന്‍ ചെയ്താല്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകും. ടവര്‍ കമ്മിഷന്‍ ചെയ്യാത്തതിനാല്‍ ഉപകരണങ്ങള്‍ അടക്കം നശിക്കുന്ന നിലയെത്തി. ലക്ഷക്കണക്കിനു രൂപ മുതല്‍മുടക്കിയാണ് ബി.എസ്.എന്‍.എല്‍ ടവര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പ്രദേശത്ത് മറ്റു കമ്പനികള്‍ക്കും നെറ്റ് വര്‍ക്കില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിരന്തരമായി നെറ്റ് വര്‍ക്ക് നഷ്ടപ്പെടുന്നതിനാല്‍ ക്ലാസില്‍ പങ്കെടുക്കാനും കഴിയാത്ത സ്ഥിതിയാണ്. വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നവര്‍ക്കും നെറ്റ് വര്‍ക്ക് ഇല്ലാത്തത് തിരിച്ചടിയായി. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബി.എസ്.എന്‍.എല്‍ ടവര്‍ കമ്മിഷന്‍ ചെയ്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍ മേഖലയില്‍ നെറ്റ് വര്‍ക്കില്‍ തകരാറില്ലെന്നാണ് ബി.എസ്.എന്‍.എല്‍ ഓഫിസില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ബി.എസ്.എന്‍.എല്‍ അറിയിച്ചു.