വീടിനുള്ളിൽ തീ കത്തിയ പാടുകൾ,തറയിൽ ശരീരാവശിഷ്ടങ്ങൾ,പിന്നീട് എങ്ങനെ ജോയ്സിന്റെ മൃതദേഹം സ്വിമ്മിംഗ് പൂളിലെത്തി.വാഴവരയിലെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതകളേറെ


ഇടുക്കി വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറെ.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഏഴാംമൈൽ മോർപ്പാളയിൽ എബ്രഹാമിന്റെ ഭാര്യ ജോയിസിനെ ഫാമിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. എബ്രഹാമിന്റെ സഹോദരനായ ഷിബുവിന്റെ ഉടമസ്ഥയിലുള്ള ഫാം സന്ദർശിക്കാനെത്തിയവരാണ് പൂളിൽ മൃതദേഹം കാണുന്നത്.ഷിബുവിന്റെ ഭാര്യ ഡയാനയും അവിടെ ഉണ്ടായിരുന്നു.ഈ സമയം എബ്രഹാം പുറത്ത് പോയിരിക്കുകയായിരുന്നു എന്നാണ് വിവരം.കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഇവർ താമസിക്കുന്ന വീടിനുള്ളിൽ തീ കത്തിയതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.തറയിൽ ചില ശരീരാവാശിടങ്ങളും
ഉണ്ടായിരുന്നുവെന്നും പറയുന്നു.ഈ വീടിന് അടുത്ത് തന്നെയാണ് സ്വിമ്മിംഗ് പൂൾ ഉള്ളതെങ്കിലും ഉയരമുള്ള ചുറ്റുമതിലും,ഗേറ്റുമുണ്ട്.ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.ഇന്ന് രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.ഇതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.ഏതാനും മാസം മുൻപാണ് ജോയ്സും ഭർത്താവ് എം ജെ എബ്രഹാമും കാനഡയിലുള്ള മകന്റെ അടുത്ത് നിന്ന് തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ അനുജൻ ഷിബുവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും ഡയാനയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.