നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍. ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു
നവകേരള സദസ്സില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഡിസംബര്‍ 10,11,12 തീയതികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജില്ലയിലെ ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്നത്. സദസ്സുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയായി വരികയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 20 മന്ത്രിമാര്‍ക്കും ലെയ്‌സണ്‍ ഓഫീസര്‍മാരെ നിശ്ചയിച്ചതായും കളക്ടര്‍ പറഞ്ഞു.
ജില്ലാ വികസന സമിതി യോഗത്തിലെ മുന്‍ തീരുമാനങ്ങളുടെ അവലോകനത്തില്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൈനാവ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ജില്ലാ പഞ്ചായത്ത് 50 സെന്റ് കൈമാറിയതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ജില്ലയിലെ ശബരിമല ഇടത്താവളങ്ങളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മൊബൈല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചതായി അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
കാട്ടാനശല്യം തടയുന്നതിന് ജനവാസമേഖലകളോട് ചേര്‍ന്ന് സൗരോര്‍ജ വേലികളും ട്രഞ്ചുകളും നിര്‍മിച്ചതായും തദ്ദേശവാസികള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി വരുന്നതായും കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അയ്യപ്പന്‍കോവില്‍ കേന്ദ്രീകരിച്ച് നിലവില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ 2018 ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 34 കുടുംബങ്ങളെ പുനരധിവസിപ്പിച്ച മേഖലയില്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കുടിവെള്ളം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൈപ്പിന്റെ ലഭ്യതക്കുറവ് മൂലം ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി മുടങ്ങിയ വിഷയത്തില്‍ ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ കണക്ഷന്‍ നല്‍കാനാവുന്ന വിധത്തില്‍ പ്രവൃത്തി പുനരാരംഭിച്ചതായി തൊടുപുഴ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ പദ്ധതികള്‍ അവലോകനം ചെയ്ത യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പതിവായി പങ്കെടുക്കാത്തതിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശിച്ചു. പീരുമേട് താലൂക്ക് ആശുപത്രി പ്രസവ വാര്‍ഡില്‍ ഡോക്ടറില്ലാത്തത് മൂലമുള്ള പ്രയാസങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി. മാലതി വികസന സമിതി യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് രണ്ട് ഡോക്ടര്‍മാരെ വര്‍ക്ക് അറേഞ്ച്‌മെന്റ് പ്രകാരം ഈയാഴ്ച തന്നെ നിയമിക്കുമെന്ന് ഡിഎംഒ എല്‍ മനോജ് അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്നും മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറണമെന്നും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ശുചിത്വ മിഷന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഓണം ആശംസാകാര്‍ഡ് തയ്യാറാക്കല്‍ മല്‍സരത്തില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ജില്ലാ വികസന യോഗത്തില്‍ പാരിതോഷികം നല്‍കി. എഡിഎം ഷൈജു പി ജേക്കബ്, ഡെ. ജില്ലാ പ്ലാനിങ് ഓഫീസര്‍ ജി ടി ഷിബു, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.