ഒരുക്കങ്ങൾ പൂർത്തിയായി; കണ്ണൂർ ജില്ലയിൽ നവകേരള സദസ് ഇന്ന് മുതൽ
സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് ഇന്ന് കണ്ണൂർ ജില്ലയിൽ തുടക്കമാകും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.സദസുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി നടത്തി.ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധസേവനങ്ങളും നാടാകെ സംഘടിപ്പിച്ചു.പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സ് ബഹിഷ്കരിക്കുന്നുണ്ട്. ജില്ലയിലെ പരിപാടികളുടെ ആദ്യദിനമായ ഇന്ന് നാല് മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചക്ക് മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്ബ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്.
21ന് പകല്‍ 11ന് ചിറക്കല്‍ പഞ്ചായത്ത് മന്ന മിനി സ്റ്റേഡിയത്തിലും മൂന്നിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയിലും 4.30ന് പിണറായി കണ്‍വൻഷൻ സെന്റര്‍ പരിസരത്തും ആറിന് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് സദസ്. 22ന് പകല്‍ 11ന് പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിലും പകല്‍ മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളം ഒന്നാംഗേറ്റിന് സമീപവും 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തുമാണ് പരിപാടി.
എല്ലായിടത്തും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് കലാപരിപാടികള്‍ തുടങ്ങും. സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖര്‍, തിരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.