ഉപ്പുതറ വാക്സിനേഷൻ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്;ആളുകൾ കൂട്ടം കൂടുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക


ഉപ്പുതറ∙ കോവിഡ് വാക്‌സീൻ സ്വീകരിക്കാനായി ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൻ ജനത്തിരക്ക്. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടുകയും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാതെ വാക്കുതർക്കം ഉണ്ടാക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
പ്രതിരോധ വാക്‌സീൻ സ്വീകരിക്കാനായി രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.രണ്ടാം ഡോസ് എടുക്കേണ്ടവർക്കും മുൻഗണനാ പട്ടികയിൽ ഉള്ളവർക്കും വിദ്യാർഥികൾക്കും വാക്‌സീൻ നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് ഈ സെന്റർ അനുവദിച്ചു കിട്ടിയ ആളുകളെല്ലാം ഇവിടേക്കു എത്തുകയായിരുന്നു.
കൂടാതെ നിശ്ചിത കാലാവധി പൂർത്തിയാക്കാതെ രണ്ടാം ഡോസ് വാക്‌സീൻ എടുക്കാൻ ഒട്ടേറെപ്പേർ എത്തിയതും തിരക്കിന് കാരണമായി.കഴിഞ്ഞ ദിവസം വരെ മുൻഗണനാ ക്രമത്തിൽ ഓരോ വാർഡിൽ നിന്നും നിശ്ചിത ആളുകളെ എത്തിച്ച് വാക്‌സീൻ നൽകിയിരുന്നതിനാൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് ആളുകൾ എത്താൻ തുടങ്ങിയതോടെ തിരക്ക് വർധിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം മേഖലയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലും പ്രതിരോധ വാക്‌സീൻ സ്വീകരിക്കാനായി ആളുകൾ കൂട്ടം കൂടുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയരുകയാണ്.