നവകേരള സദസ് : ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍
- ജില്ലയില്‍ ഡിസംബര്‍ 10 ന് നവകേരള സദസിന് തുടക്കം
നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനുമായി നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന നവകേരള സദസ് ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ . മണ്ഡല സദസിന്റെ സംഘാടകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അതോടൊപ്പം ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടത്തിയ അദാലത്തുകള്‍ വഴി നിരവധി പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഇത് എത്രമാത്രം നടപ്പാക്കി എന്ന് അറിയാന്‍ അവലോകന യോഗവും നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിച്ച് മേഖലാതല അവലോകന യോഗങ്ങളും വിജയകരമായി നടത്തി. കേരളത്തിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക ലക്ഷ്യത്തോടെ കേരളീയം പരിപാടി നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിന് തുടര്‍ച്ചയായാണ് നവകേരള സദസ് നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ പരിപാടിയുടെ മുന്നോടിയായി മണ്ഡല അടിസ്ഥാനത്തില്‍ സംഘാടക സമിതി രൂപീകരിക്കും . ഓരോ മണ്ഡലത്തിലും അതത് മണ്ഡലങ്ങളിലെ എം എല്‍ എ മാരായിരിക്കും സംഘാടക സമിതി ചെയര്‍മാന്‍മാര്‍. പരിപാടികളുടെ ഏകോപനത്തിനായി മണ്ഡല അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെയും യോഗത്തില്‍ തീരുമാനിച്ചു. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ആലോചനയോഗം ഈ മാസം 19 ന് ഇടുക്കി, ഉടുമ്പന്‍ചോല , 20 ന് പീരുമേട് ,ദേവികുളം , 21 ന് തൊടുപുഴയിലും നടക്കും .
ഡിസംബര്‍ 10 മുതലാണ് ഇടുക്കിയില്‍ നവകേരള സദസിന് തുടക്കമാകുന്നത്. 3 ദിവസങ്ങളിലായി ജില്ലയിലെ 5 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബര്‍ 10 ന് തൊടുപുഴ , 11 ന് ഇടുക്കി , ദേവികുളം , ഉടുമ്പന്‍ചോല , 12 ന് പീരുമേട് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും.
യോഗത്തില്‍ എം എം മണി എം എല്‍ എ , ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് , സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ , എ ഡി എം ഷൈജു പി ജേക്കബ് മറ്റ് ജില്ലാ തല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.