ഇടുക്കി ജില്ലയില്‍ പോക്സോ കേസുകള്‍ വര്‍ധിക്കുന്നു
ചെറുതോണി: ഒമ്പതു മാസത്തിനുള്ളില്‍ ഇടുക്കി പോക്സോ കോടതി ശിക്ഷ വിധിച്ചത് 12 കേസില്‍. ദേവികുളം, തൊടുപുഴ, കട്ടപ്പന കോടതികളിലെ കേസുകളുടെ വിധി കൂടി കണക്കിലെടുക്കുമ്പോള്‍ നാലിരട്ടി വരും ഇതില്‍ ഒരു വധശിക്ഷയും ഉള്‍പ്പെടും.
ജില്ലയില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനയാണുണ്ടായത്. ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ വന്ന കേസുകള്‍ വേറെ. എന്നാല്‍, റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത കണക്കുകള്‍ കൂടി നോക്കുമ്പോള്‍ വൻ വര്‍ധനയാണുണ്ടായത്. ഗവ. സ്കൂളുകളില്‍ നിന്നുള്ളതാണ് മിക്ക കേസുകളും. എന്നാല്‍, സ്വകാര്യ സ്കൂളുകളില്‍നിന്നുള്ള സമാന സംഭവങ്ങള്‍ ഉണ്ടെങ്കിലും അധികൃതര്‍ ഒതുക്കിത്തീര്‍ക്കുന്നതായി ആക്ഷേപമുണ്ട്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിപക്ഷവും കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവര്‍ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. പോക്സോ കേസുകളില്‍ മിക്കതിലും അയല്‍വാസികളോ പരിചയക്കാരോ സ്കൂളിലെത്തിക്കുന്ന ഡ്രൈവര്‍മാരോ ആണ് പ്രതികള്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരില്‍ രണ്ടാനച്ഛൻ, അടുത്ത ബന്ധുക്കള്‍ എന്നിവരും കുറവല്ല.
ടൂറിസത്തിന്‍റെ മറവില്‍ നടക്കുന്ന പല സംഭവങ്ങളും പുറത്തു വരാറില്ല. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മാതാപിതാക്കളറിയാതെ മൂന്നാറിലെത്തിയത് നാല് ആണ്‍കുട്ടികളോടൊപ്പം. പൊലീസ് പിടിയിലായ ഇവരെ മാതാപിതാക്കളെ വരുത്തി പറഞ്ഞയച്ചു. കുട്ടികള്‍തന്നെ പ്രതികളാകുന്ന കേസുകളുമുണ്ട്. പെണ്‍കുട്ടികള്‍ പോലും ലഹരിക്കടിമകളാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തൊടുപുഴയില്‍ മുത്തശ്ശി തീകൊളുത്തി പെണ്‍കുട്ടിയെ കൊന്നത് മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. അധ്യാപകൻ കുട്ടികളെ പീഡിപ്പിച്ച കേസും ലിസ്റ്റിലുണ്ട്. 13നു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ പ്രണയത്തില്‍ കുരുങ്ങി കാമുകൻ കൊണ്ടുപോയി പീഡിപ്പിച്ച കേസുകളും കുറവല്ല.
പിതാക്കളുടെ മദ്യപാനവും തകര്‍ന്ന കുടുംബവും മാതാപിതാക്കളുടെ അശ്രദ്ധയുമാണ് കുട്ടികള്‍ ചൂഷണത്തിനിരയാവാൻ കാരണമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയിലെ അമ്പതോളം സര്‍ക്കാര്‍ സ്കൂളില്‍ കൗണ്‍സിലര്‍മാരുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.പി.എല്‍ കുടുംബങ്ങളില്‍നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ വന്ന കേസുകളില്‍ കൂടുതലും.