വയറ് വേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ ഡോക്ടർ പുറത്തെടുത്തത് ഇയർ ഫോൺ ഉൾപ്പെടെ 100 വസ്തുക്കൾ
വയറ് വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിൽ നിന്ന് ഡോക്ടർ കണ്ടെടുത്ത് നൂറോളം വിചിത്ര വസ്തുക്കൾ. പഞ്ചാബിലെ മോഗയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇന്നലെയാണ് നാൽപ്പതുകാരനായ യുവാവിനെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയോടെയും ഓക്കാനത്തോടെയുമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദനയെ കുറിച്ച് അറിയാൻ ഡോക്ടർമാർ യുവാവിന്റെ വയറിന്റെ എക്‌സ് റേ എടുത്തു. ഈ എക്‌സ് റേ കണ്ട ഡോക്ടർമാർ ഞെട്ടി.
നൂറ് കണക്കിന് ലോഹവസ്തുക്കളാണ് യുവാവിന്റെ വയറ്റിൽ കണ്ടെത്തിയത്. ഇയർഫോൺ, വാഷർ, നട്ടും ബോൾട്ടും, വയറുകൾ, രാഖികൾ, ലോക്കറ്റുകൾ, ബട്ടനുകൾ, റാപ്പർ, ഹെയർ ക്ലിപ്പ്, സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിങ്ങനെ ഒരിക്കലും വയറിലെത്താൻ സാധ്യതയില്ലാത്ത വസ്തുക്കളാണ് വയറിൽ കണ്ടെത്തിയത്.
പിന്നാലെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെല്ലാം നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയമാണെങ്കിലും ഇപ്പോഴും യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായിട്ടില്ല. കുറേ നാൾ ഈ വസ്തുക്കൾ വയറിലിരുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ യുവാവിനുണ്ട്. യുവാവിന്റെ വയറ്റിൽ എങ്ങനെയാണ് ഈ വസ്തുക്കൾ എത്തിയതെന്ന കാര്യത്തെ കുറിച്ച് വീട്ടുകാർക്ക് ധാരണയില്ല. മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയാണ് ഇയാൾ എന്ന് ബന്ധുക്കൾ ഡോക്ടറെ അറിയിച്ചിരുന്നു.
തന്റെ കരിയറിലാദ്യമായാണ് ഇങ്ങനെയൊരു രോഗി തന്നെ കാണാനെത്തുന്നതെന്ന് ഡോ.അജ്‌മേർ കാൽറ പറയുന്നു.