ജാഗ്രത വേണം: ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
തൊടുപുഴ: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഈ മാസം 21 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവര്‍ 91 പേരാണ്. ഇടവിട്ടുള്ള മഴയെത്തുടര്‍ന്നാണ് പനിബാധിതര്‍ കൂടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് പറഞ്ഞു. പനി ഉണ്ടായാല്‍ സ്വയംചികിത്സ ഒഴിവാക്കണമെന്നും എത്രയും വേഗം ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പനി വ്യാപിക്കാൻ കാരണം. ഇടക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വര്‍ധിപ്പിക്കും. ഈഡിസ് കൊതുക് പകലാണ് കടിക്കുന്നത്. ഈ സമയം ആളുകള്‍ പുറത്തായതിനാല്‍ രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ്. പനി, ക്ഷീണം, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും എന്നിവ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.
ഡെങ്കിപ്പനി വ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊതുകിന്‍റെ ഉറവിട നശീകരണം, ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ വൈറല്‍പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പനിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തിങ്കളാഴ്ച ചികിത്സ തേടിയത് 453 പേര്‍. ഈ മാസം 6045 പേര്‍ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് കണക്ക്. സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ എത്തിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.
ഡെങ്കിപ്പനി ലക്ഷണങ്ങള്‍
കടുത്ത പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന,
പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി.
ഡെങ്കി പടര്‍ത്തുന്നത് ഈഡിസ് ഈജിപ്‌റ്റി കൊതുകുകള്‍ കരുതാം
പൂച്ചെട്ടികള്‍, ടിൻ, ചിരട്ട എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കരുത്
ഉപയോഗിക്കാത്ത ക്ലോസറ്റ് ഇടക്ക് ഫ്ലഷ് ചെയ്യണം
റബര്‍ തോട്ടത്തില്‍ മാലിന്യം ഇടരുത്
ചിരട്ടകള്‍ കമിഴ്ത്തിവെക്കണം
കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം