മലയോര മേഖലയില്‍ വല വിരിച്ച് ബ്ലേഡ് മാഫിയ
അടിമാലി: ഓപറേഷൻ കുബേരയുടെ കാലത്ത് ഒതുങ്ങിയ ബ്ലേഡ് മാഫിയ മലയോര മേഖലയില്‍ വീണ്ടും സജീവം. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും സാമ്ബത്തിക മാന്ദ്യവും തീര്‍ത്ത പ്രതിസന്ധി മറികടക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും കുരുക്കി ഊറ്റിയെടുക്കുകയാണ് കഴുത്തറപ്പൻ കൊള്ളപ്പലിശ സംഘങ്ങള്‍.
കര്‍ഷകരുടെയും സാധാരണക്കാരുടെയും ദയനീയ സാഹചര്യം മുതലെടുക്കുകയാണ് ഇക്കൂട്ടര്‍. മാസപ്പലിശക്കാര്‍ മുതല്‍ ഓണ്‍ലൈൻ ലോണ്‍ ആപ് തട്ടിപ്പുകാര്‍വരെ കളം നിറഞ്ഞ് കളിക്കുകയാണ്. നൂറുകണക്കിനു ചെറുകിട വ്യാപാരികള്‍ പലിശയിനത്തില്‍ മുതലിന്റെ ഇരട്ടിയിലധികം തിരികെ നല്‍കിയിട്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യ മുനമ്ബിലാണ്. മിക്കയിടത്തും ബിനാമി ഇടപാടുകളായാണ് പണത്തിന്റെ വിതരണം. പലിശയും മുതലും പിരിക്കാൻ ഏല്‍പിച്ചിരിക്കുന്നത് ക്രിമിനല്‍ സംഘങ്ങളെയാണ്. എത്രകൊടുത്താലും തീരാതെ പലിശ പെരുകിക്കൊണ്ടിരിക്കും. ഈടായി വാങ്ങിയ ഭൂമിയും വീടും വ്യാപാര സ്ഥാപനങ്ങളും ബ്ലേഡ് മാഫിയ സ്വന്തമാക്കുന്നതും സ്ഥിരം കാഴ്ച. വായ്പ തിരിച്ചുനല്‍കാനാകാതെ ഭീഷണി ഭയന്ന് ജീവനൊടുക്കിയവരുമുണ്ട്. കണക്കില്‍പെടാത്ത പണമാണ് ഇത്തരത്തില്‍ ക്രയവിക്രയം ചെയ്യുന്നതെന്നതും പരസ്യമായ രഹസ്യമാണ്.
ഒരു മാസത്തേക്ക് പലിശ നിശ്ചയിച്ചു നല്‍കിയാണ് ഇവര്‍ പണം നല്‍കുന്നത്. 10 മുതല്‍ 30 ശതമാനം വരെ ആവശ്യക്കാരന്റെ സാഹചര്യം നോക്കിയാണു പലിശ നിരക്ക്. 100 ദിവസംകൊണ്ട് തിരിച്ചടക്കേണ്ട ദിവസപ്പിരിവ് വായ്പയുമുണ്ട്. 9000 രൂപ വായ്പയെടുക്കുന്നവര്‍ 100 ദിവസംകൊണ്ട് 13,000 രൂപവരെ നല്‍കണം. ഇത് ഒന്നോ രണ്ടോ ആവര്‍ത്തി കഴിഞ്ഞാല്‍ വലിയ ബാധ്യതയില്‍ ഇടപാടുകാരൻ എത്തും. പിന്നെ ഭീഷണിയും മറ്റും തുടരും. സ്വര്‍ണം പണയം വെച്ചും കിടപ്പാടം വിറ്റും ഭൂരിഭാഗവും ബാധ്യതയില്‍നിന്ന് രക്ഷപ്പെടും. പ്രതിദിനം പിരിവുമായി പണം പലിശക്ക് കൊടുക്കുന്ന തമിഴ്നാട് സംഘങ്ങളും സജീവമാണ്. ആദ്യം 5000 രൂപ വായ്പ നല്‍കിയാണ് ഇവര്‍ ഇടപാടുകാരനെ പരീക്ഷിക്കുക. തവണ മുടങ്ങിയാല്‍ എണ്ണം കൂടും. സംസാരം മാറും. വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യും. ആളുകള്‍ മുന്നില്‍ വരാതെ ഓണ്‍ലൈൻ വാഗ്ദാനം വഴി ഇടപാടുകാരെ ആകര്‍ഷിച്ച് പണം വായ്പ നല്‍കും. ആദ്യം, ഇത്ര ലക്ഷം രൂപ വായ്പ പാസായി എന്നായിരിക്കും അറിയിപ്പ്. പിന്നാലെ വാഹനത്തില്‍ എത്തി പരിശോധന. തുടര്‍ന്ന് എല്ലാ രേഖകളും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടെ കൈവശപ്പെടുത്തും. തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിലെ വ്യക്തിഗത വിവരങ്ങളും മറ്റും ഉപയോഗപ്പെടുത്തി ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.