പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി പഠിക്കാൻ സംസ്ഥാന സർക്കാർ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി പഠിക്കാൻ സർക്കാർ ആലോചന. എസ്ഇബിസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-ജാതി പഠനമാണ് നടത്തുക. സുപ്രീം കോടതി കേസിലെ കോടതിയലക്ഷ്യ നോട്ടീസിന് പിന്നാലെയാണ് സർക്കാർ നീക്കം. പഠനത്തെ സംബന്ധിച്ച് എൽഡിഎഫിൽ ചർച്ച ചെയ്യാനാണ് ധാരണ. ഇതിന് ശേഷം സർവ്വകക്ഷി യോഗം വിളിക്കുന്നതും പരിഗണിക്കും. പിന്നാക്ക സംവരണ പട്ടിക 10 വർഷത്തിലൊരിക്കൽ പരിഷ്കരിക്കണമെന്നാണ് നിയമം. പട്ടിക പരിഷ്കരിക്കാൻ പഠനം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസ്. സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ കേരളം കൂടുതൽ സമയം ആവശ്യപ്പെടും. 2011 ൽ കേന്ദ്രം നടത്തിയ ജാതി സെൻസസ് പട്ടിക പുറത്തുവിടുകയോ സംസ്ഥാനങ്ങൾക്ക് നൽകുകയോ ചെയ്തിട്ടില്ല.
ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് സർക്കാരിന് നോട്ടീസയച്ചിരിക്കുന്നത്. കേന്ദ്ര സാമൂഹികനീതി സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കാണ് നോട്ടീസ്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാനും അഭിഭാഷകനുമായ വി കെ ബീരാനാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്.
ഇന്ദിരാ സാഹ്നി കേസിൽ, പിന്നാക്ക സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും പിന്നാക്ക അവസ്ഥ മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പട്ടിക പുതുക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. കേരളത്തിലെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ കണ്ടെത്തി പഠനം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് അർഹരായവരെ കണ്ടെത്തി സർക്കാരിന് കൈമാറാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനോടും കേന്ദ്ര സർക്കാരിനോടും ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
2020 സെപ്റ്റംബറിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആറ് മാസമാണ് സമയം അനുവദിച്ചിരുന്നത്. ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയും പഠനവും നടപടി ക്രമവും പൂർത്തിയാക്കാൻ ഒരു വർഷം സമയം അനുവദിച്ചു. എന്നാൽ ഈ കാലാവധി കഴിഞ്ഞ് രണ്ട് വർത്തോളമായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജി നൽകിയതും സുപ്രീം കോടതി നോട്ടീസ് അയച്ചതും.