സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിന്റെ സമയപരിധി കഴിയാറായിട്ടും നിയമന ശുപാർശ നൽകിയത് 347 പേർക്ക് മാത്രമാണെന്ന് റാങ്ക് ഹോൾഡേഴ്സിൻ്റെ പരാതി
പിഎസ് സിയുടെ രണ്ടുഘട്ട പരീക്ഷാ പരിഷ്‌ക്കരണത്തിനുശേഷം 2023 ഏപ്രിൽ 13ന് നിലവിൽ വന്ന പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ കെഎപി-5 ഇടുക്കി ബറ്റാലിയനിൽ മാത്രം 1590 പേരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ 347 പേർക്ക് മാത്രമാണ് നിയമന ശുപാർശ നൽകിയത്.
101 എണ്ണം നോട്ട് ജോയിനിങ് ഡ്യൂട്ടി ഒഴിവുകളാണ്. ആറുമാസം കൂടി മാത്രമാണ് പട്ടികയുടെ കാലാവധി അവസാനിക്കാനുള്ളത്. അതിനിടെ ജോലി ലഭിക്കുമോയെന്ന ആശങ്കയിലാണ് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ.
2023ലെ ഒഴിവുകൾ മാത്രമാണ് ഇടുക്കി ബറ്റാലിയനിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
2022 മുതലുള്ള ഒഴിവുകൾ ഈ ബറ്റാലിയനിൽ മാത്രമാണ് റിപ്പോർട്ടു ചെയ്യപ്പെടാത്തതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
130 ഉദ്യോഗസ്ഥർ വിരമിച്ചിട്ട് അതുപോലും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.
പൊലീസ് ജോലിയിൽ കയറിയശേഷം ഉപേക്ഷിച്ചുപോയവരുടെ ഒഴിവുകളും അടിയന്തരമായി റിപ്പോർട്ടു ചെയ്യണമെന്നാണ് ആവശ്യം.
ഉദ്യോഗസ്ഥ ക്ഷാമം നേരിടുന്ന കെഎപി-5 ബറ്റാലിയനു കീഴിലുള്ള ഇടുക്കി, കോട്ടയം ജില്ലകളിൽ നിലവിലുള്ള സിവിൽ പൊലീസ് ഓഫിസർ ഒഴിവുകളിലേക്ക് കെസിപി എആർ ട്രാൻസ്ഫർ നടത്താൻ സർക്കാർ നടപടിയെടുക്കണം. സർക്കാർ ആശുപത്രികൾക്ക് സുരക്ഷ നൽകാനായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുള്ള പുതിയ തസ്തിക രൂപീകരണ ഫയൽ ഉടൻ അനുവദിച്ച് ഉദ്യോഗസ്ഥരെ ആ വിഭാഗത്തിൽ നിയമിക്കണം.
സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ആകെ അംഗീകൃത ബലം 3119 ആണെങ്കിലും മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെ നിലവിലുള്ള അംഗബലം 1041 ആണ്.
കൂടുതൽ ഡെപ്യൂട്ടേഷൻ നിയമനത്തിലൂടെ ഈ ഒഴിവുകൾ നികത്തണം. ഹൈവേ പൊലീസ് പട്രോളിങ്ങ് ശക്തമാക്കാനായി സർക്കാർ പരിഗണിക്കുന്ന 795 പുതിയ തസ്തിക രൂപീകരണ ഫയലിനും ഉടൻ തീരുമാനമെടുക്കണം. പൊലീസ് സേവയിൽ കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള തീരുമാനം നടപ്പാക്കുകയും സിവിൽ പൊലീസ് ഓഫിസർമാരെ നിയമിക്കുകയും ചെയ്യണമെന്നും കെഎപി-5 ഇടുക്കി ബറ്റാലിയൻ റാങ്ക് ഹോൾഡേഴ്‌സ് ഭാരവാഹികളായ കെ.ആർ.രാജേഷ്, ജെ.അരുൺകുമാർ, രാഹുൽ രാജ് എന്നിവർ പറഞ്ഞു.