‘അഭ്യൂഹം നിർത്തൂ…’; വിവാഹ വാർത്തകളോട് പ്രതികരിച്ച് തൃഷ


ദേശീയ മാധ്യമങ്ങളടക്കം ചർച്ച ചെയ്ത നടി തൃഷയുടെ വിവാഹ വാർത്തകൾക്ക് വിരാമം. തൃഷ തന്നെയാണ് അഭ്യൂഹങ്ങൾക്കെതിരെ പ്രതികരണവുമായെത്തിയത്. ‘ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കൂ’ എന്ന് ലിയോ സ്റ്റൈലിലായിരുന്നു താരം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് ഗോസിപ്പുകളോട് പ്രതികരിച്ച് നടി രംഗത്തെത്തിയത്.
തൃഷ വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും വരൻ ഒരു മലയാളി നിർമ്മാതാവാണെന്നുമായിരുന്നു പ്രചരിച്ച വാർത്ത. 2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും പിന്മാറുകയായിരുന്നു. പിന്നാലെ വരുൺ നിർമ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു.

‘പൊന്നിയിൻ സെൽവന്’ ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ‘ലിയോ’ സിനിമയാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം. ദ റോഡ് മറ്റൊരു ചിത്രമാണ്. അരുണ്‍ വസീഗരനാണ് സംവിധാനം നിർവഹിക്കുന്നത്. റിവെഞ്ച് സ്റ്റോറിയായാണ് ചിത്രം എത്തുന്നതെന്നാണ് റിപ്പോർട്ട്. ഒക്ടോബര്‍ ആറിനാണ് റിലീസ്. ഇതിന് ശേഷം ഒക്ടോബര്‍ 19-നാണ് ലിയോ റിലീസ് ചെയ്യുക.