ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം> സംസ്ഥാന ചരിത്രത്തിലെ നിര്ണ്ണായകമായ നിയമ ഭേദഗതിക്കാണ് സെപ്തംബര് 14ന് കേരള നിയമസഭ വേദിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തില് ഭേദഗതി വരുത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭൂപതിവ് നിയമം- മുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണ്ണരൂപം
2021 നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയില് എല്ഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ മുന്നൂറ്റിയെണ്പതാമത്തെ ഉറപ്പ് ഇങ്ങനെയായിരുന്നു:’ഇടുക്കിയില് നിലനില്ക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടല് സര്ക്കാര് നടത്തിയിട്ടുണ്ട്. ഈ പ്രവര്ത്തനങ്ങള് ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള് ഉറപ്പുവരുത്തിയായിരിക്കും ഇക്കാര്യത്തില് നടപടി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്1964 ലെ ഭൂപതിവ് ചട്ടത്തില് ആവശ്യമായ ഭേദഗതികള്‍ വരുത്തും.’ പ്രകടന പത്രികയില് പറഞ്ഞ ഈ കാര്യം ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില് യാഥാര്ത്ഥ്യമായിരിക്കുകയാണ്.സംസ്ഥാന ചരിത്രത്തിലെ നിര്ണ്ണായകമായ നിയമ ഭേദഗതിക്കാണ് സെപ്തംബര് 14ന് കേരള നിയമസഭ വേദിയായത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തില് ഭേദഗതി വരുത്തിയത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങള്ക്കും മാറ്റം വരും. മലയോര മേഖലയിലെ ഭൂമി പ്രശ്നത്തെ സര്ക്കാര് കണ്ടത് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചതായി തന്നെയാണ്. സ്വന്തം ഭൂമിയില് അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് മലയോരങ്ങളിലുള്ളത്. ഇത് ഇടുക്കിയിലെ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്നമാണെന്ന് കാണണം. ഈ പശ്ചാത്തലത്തില്, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ ‘കേരളാ സര്ക്കാര് ഭൂമി പതിച്ചുകൊടുക്കല് (ഭേദഗതി) ബില്’, ഇടുക്കി ഉള്പ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങള്ക്ക് വലിയ ആശ്വാസമാവും. പതിച്ചു നല്കിയ ഭൂമിയില് കൃഷിക്കും വീടിനും പുറമെ സര്ക്കാര് അനുമതികളോടെ കാര്ഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളില് നടത്തിയ നിര്മ്മാണപ്രവര്ത്തനങ്ങളില് ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണ് ഭൂപതിവ് നിയമഭേദഗതിയോടെ സര്ക്കാര് ലക്ഷ്യം വെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് മുന്പ്, തിരുവിതാംകൂര് കൊച്ചി പ്രദേശത്ത് ഭൂമി പതിച്ചുകൊടുക്കുന്നത് 1950 ലെ തിരുവിതാംകൂര്കൊച്ചി ഭൂമി പതിച്ചുകൊടുക്കല് നിയമപ്രകാരമായിരുന്നുവെങ്കില് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില് അത്തരത്തില് നിയതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല. ഇത്തരത്തില് ഭൂമി പതിച്ചുകൊടുക്കുന്നതില് നിലനിന്ന അവ്യക്തതകള് പരിഹരിക്കുന്നതിനുവേണ്ടിയാണ് 1960ല് കേരള ഭൂമി പതിച്ചുകൊടുക്കല് നിയമവും അതിനെ പിന്തുടര്ന്ന് 1964 ല് കേരള ഭൂപതിവ് ചട്ടങ്ങളും നിലവില് വന്നത്. ഈ നിയമവും ഭൂപതിവ് ചട്ടങ്ങളും അനുസരിച്ച് കാര്ഷിക ആവശ്യങ്ങള്ക്കും വീട് നിര്മ്മാണത്തിനും മാത്രമാണ് പ്രധാനമായും ഭൂമി പതിച്ചുനല്കിയത്. പിന്നീടുള്ള വര്ഷങ്ങളില് പട്ടയഭൂമികളില് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിയായി നിര്മ്മിച്ച ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റു വാണിജ്യ സ്ഥാപനങ്ങളുമെല്ലാമടങ്ങിയ നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തി വന്നിരുന്നു. പതിച്ചു കിട്ടിയ ഭൂമിയില് നടത്തിയ ഇത്തരം നിര്മ്മാണ പ്രവര്ത്തനങ്ങളെ സര്ക്കാരുകള് നിരോധിച്ചിരുന്നില്ല. അവയ്ക്ക് ബില്ഡിംഗ് പെര്മിറ്റും മറ്റ് അനുമതികളും നല്കി നിയമ വിധേയമാക്കുകയും ചെയ്തിരുന്നു.