തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി; ലോക റെക്കോർഡ് നേടി നൈജീരിയക്കാരൻ
നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു പന്ത് തലയിൽ വച്ചുകൊണ്ട് നേരെ നടക്കാൻ പോലും കഴിയില്ല. എന്നാൽ തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നൈജീരിയക്കാരൻ. ടോണി സോളമൻ, എന്ന യുവാവ് ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ മുകളിലേക്ക് 150 പടികൾ കയറിയാണ് റെക്കോർഡ് നേടിയത്.
“സ്വയം വെല്ലുവിളിക്കാനും മറ്റുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കാനും” ഈ റെക്കോർഡിലൂടെ താൻ ശ്രമിക്കുന്നതെന്നും ടോണി പറഞ്ഞു. റെക്കോർഡിനായി ടോണി രണ്ട് മാസത്തെ പരിശീലനം നടത്തി. തന്റെ സ്റ്റണ്ട് കാണാൻ തടിച്ചുകൂടിയ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിലാണ് അദ്ദേഹം ഇത് പരീക്ഷിച്ചത്. 120 പടികൾ ഉള്ള കുത്തനെയുള്ള കയറ്റം വെറും പന്ത്രണ്ടര മിനിറ്റിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കി.
ബുധനാഴ്ച, ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. ഈ വീഡിയോ ഇതുവരെ 1.4 ദശലക്ഷത്തിലധികം വ്യൂസ് ആണ് നേടിയത്. ടോണി ചുക്വൂബുക്ക ഫ്രീസ്റ്റൈൽ അക്കാദമിയുടെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. വർഷങ്ങളായി, കിഡ് എച്ചെ, വിൻസെന്റ് ഒകേസി, വിക്ടർ റിച്ചാർഡ് കിപ്പോ, കോൺഫിഡൻസ് കിപ്പോ തുടങ്ങിയ നിരവധി റെക്കോർഡ് പ്രതിഭകളെ അക്കാദമി സൃഷ്ടിച്ചു. അവരുടെ പേരിൽ നിരവധി ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിലുകൾ നേടിയിട്ടുണ്ട്.