ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; ഏറ്റുമുട്ടുക പാകിസ്താനും ശ്രീലങ്കയും
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
പരുക്കുകൾ കൊണ്ട് വലയുന്ന പാകിസ്താൻ നിരയിൽ ഇന്ന് രണ്ട് മുൻനിര പേസർമാർ കളിക്കില്ല. ഇത് പാകിസ്താനു കനത്ത തിരിച്ചടിയും ശ്രീലങ്കയ്ക്ക് നേട്ടവുമാണ്. ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പരുക്കേറ്റ നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെ ഒഴിവാക്കിയാണ് പാകിസ്താൻ ടീം പ്രഖ്യാപിച്ചത്. നസീം ഷാ ഏഷ്യാ കപ്പിൽ നിന്ന് തന്നെ പുറത്തായി. എന്നാൽ ഹാരിസ് റൗഫ് ഫൈനൽ കളിച്ചേക്കുമെന്നാണ് വിവരം. ഇന്ന് നസീം ഷായ്ക്ക് പകരം സമൻ ഖാനും ഹാരിസ് റൗഫിനു പകരം മുഹമ്മദ് വസീം ജൂനിയറും കളിക്കും. ടൂർണമെൻ്റിൽ നിരാശപ്പെടുത്തുന്ന ഫഖർ സമാനും ആഘ സൽമാനും പകരം മുഹമ്മദ് ഹാരിസും സൗദ് ഷക്കീലും കളിക്കും. പേസ് ഓൾറൗണ്ടർ ഫഹീം അഷ്റഫിനു പകരം മുഹമ്മദ് നവാസും ടീമിലെത്തി.
കഴിഞ്ഞ കളിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ശ്രീലങ്ക കരുത്തരാണ്. ഗംഭീര തുടക്കം കിട്ടിയ ഇന്ത്യയെ 213 റൺസിനു പുറത്താക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞു. കളിയിൽ ദുനിത് വെല്ലാലഗെ എന്ന യുവ ഓൾറൗണ്ടറിൻ്റെ പ്രകടനം ഇതിനകം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിക്കഴിഞ്ഞു. പാകിസ്താൻ പേസർമാരും ശ്രീലങ്കൻ സ്പിന്നർമാരും തമ്മിലുള്ള കളി കൂടിയാവും ഇന്നത്തെ മത്സരം. സ്ഥിര പേസർമാരിൽ ഷഹീൻ അഫ്രീദി മാത്രമേ ടീമിലുള്ളൂ എങ്കിലും പകരമെത്തിയ സമൻ ഖാനും മുഹമ്മദ് വസീം ജൂനിയറും മികച്ച പേസർമാർ തന്നെയാണ്. ശ്രീലങ്കയിലാവട്ടെ, വെല്ലാലഗെ, മഹീഷ് തീക്ഷണ എന്നിവർക്കൊപ്പം ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക എന്നീ സ്പിൻ ഓപ്ഷനുകളുമുണ്ട്.
കഴിഞ്ഞ കളി ശ്രീലങ്കയെ 41 റൺസിനു കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി.