നിപ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജം: നിയമസഭയിൽ മറുപടിയുമായി വീണാ ജോർജ്ജ്
തിരുവനന്തപുരം: നിപ വിഷയത്തില്‍ നിയമസഭയില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി. നിപ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമെന്ന് വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത് രോഗം പകരാതിരിക്കാനാണെന്ന് വ്യക്തമാക്കിയ മന്ത്രി നിപ ബാധിച്ച ആളുകള്‍ക്ക് ആന്റി ബോഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായും സഭയെ അറിയിച്ചു. ഐസിഎംആര്‍ വിമാനമാര്‍ഗം ആന്റി ബോഡി എത്തിക്കും. നിപ ബാധിച്ചവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, അതിനാണ് ആന്റി ബോഡി നല്‍കുന്നത്. വിദേശത്ത് നിന്ന് ആവശ്യമായ മരുന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. 75 ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സമ്പര്‍ക്കമുള്ള മുഴുവന്‍ പേരെയും കണ്ടെത്തി ഐസോലേറ്റ് ചെയ്യും. കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും’; നിപയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സംഘം ഇന്നെത്തുമെന്ന് അറിയിച്ച മന്ത്രി മൊബൈല്‍ ലാബ് സജ്ജമാക്കുമെന്നും അറിയിച്ചു. പൂനെയില്‍ നിന്നെത്തുന്ന സംഘം വവ്വാലുകളുടെ സര്‍വേയും നടത്തും. ചെന്നൈയില്‍ നിന്ന് എപിഡമോളജിസ്റ്റുകള്‍ എത്തുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പരിശോധനാ വിവാദങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. ‘നിപ ആണോ എന്ന് സ്ഥിരീകരിക്കാന്‍ സംസ്ഥാനത്ത് സംവിധാനം ഉണ്ടെന്ന് പറഞ്ഞ മന്ത്രി സാമ്പിള്‍ പരിശോധനയ്ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചു. നിപ ആണോ എന്ന് പ്രഖ്യാപിക്കേണ്ടത് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ്. അത് സാങ്കേതികമായ നടപടിക്രമാണ്. നിപ ആണോയെന്ന് സ്ഥിരീകരിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്. കോഴിക്കോട്ടെ ലാബ്, തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിപ സ്ഥിരീകരിക്കാന്‍ സാധിക്കും’; മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ടോ, ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടില്ല എന്ന പരാതിയുണ്ട് തുടങ്ങി രമേശ് ചെന്നിത്തല ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും വീണാ ജോര്‍ജ്ജ് സഭയില്‍ മറുപടി നല്‍കി. 2021ല്‍ പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചെന്ന് വ്യക്തമാക്കിയ മന്ത്രി പ്രോട്ടോക്കോള്‍ പരിഷ്‌കരിക്കേണ്ട എന്നാണ് ഹെല്‍ത്ത് പാനല്‍നിര്‍ദ്ദേശമെന്നും ചൂണ്ടിക്കാണിച്ചു. മരുന്നുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ്ജ് സഭയില്‍ അറിയിച്ചു.