ആയിരങ്ങൾ കൊടുത്ത് ടിക്കറ്റെടുത്തവർക്ക് പോലും പരിപാടി കാണാനായില്ല; എ ആർ റഹ്മാൻ പരിപാടിക്കെതിരെ പ്രതിഷേധം
ചെന്നൈ: എ ആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. കഴിഞ്ഞ ദിവസം ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത പരിപാടിയിൽ എത്തിയത് ജനസാഗരമായിരുന്നു. അനിയന്ത്രിതമായി കാണികളെത്തിയതോടെ ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തവർക്കു പോലും പരിപാടി കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. ഈ അവസ്ഥയിലാണ് എ ആർ റഹ്മാനെതിരേയും പരിപാടിയുടെ സംഘാടകർക്കെതിരേയും രൂക്ഷമായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അമ്പതിനായിരത്തിലധികം പേരാണ് മറക്കുമാ നെഞ്ചം എന്ന ഷോ കാണാനെത്തിയത്. നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ തിങ്ങിയതോടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളടക്കം കുടുങ്ങുകയും ചെയ്തു. 2000 രൂപ വരെ കൊടുത്ത് സിറ്റിംഗ് സീറ്റ് ബുക്ക് ചെയ്തവർക്ക് പോലും വേദിയിൽ നിന്ന് ദൂരെമാറി തിരക്കിനിടയില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുക്കാനായത്. ഇതിന്റെ അമർഷമാണ് സോഷ്യൽ മീഡിയയിൽ റഹ്മാനെതിരെ ഉയരുന്നത്.
അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നാണ് ആരാധകപക്ഷം. തിരക്കിനിടയിൽ സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ആരോപണമുണ്ട്. പരിപാടിയുടെ സംഘടകരേയും എ ആര്‍ റഹ്മാനേയും ടാഗ് ചെയ്ത് തിരക്കന്റെ വീഡിയോ പരിപാടിക്ക് എത്തിയവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സംഗീത പരിപാടി’, ‘മനുഷ്യത്വം മാനിക്കണമായിരുന്നു’, ’30 വർഷമായി എ ആർ റഹ്മന്റെ ആരാധകരായിരുന്നവർ.. ഇന്ന് ആ ആരാധന മരിക്കുകയാണ്’. ‘എന്താണ് വേദിയിൽ നടക്കുന്നത് എന്ന് പോലും മനസിലായില്ല’, ‘ഒരിക്കലും മറക്കാൻ കഴിയാത്ത ദുരനുഭവം’, എന്നിങ്ങനെയാണ് മറ്റ് പ്രതികരണങ്ങൾ. സംഭവത്തെ കുറിച്ച് എ ആർ റഹ്മാൻ പ്രതികരിക്കാത്തതും ആരാധകരെ നിരാശരാക്കുന്നുണ്ട്.