ബിജെപി പ്രതിഷേധത്തിനിടെ തേനീച്ച ആക്രമണം; എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്, പിന്നിൽ കോൺഗ്രസാണെന്ന് ആരോപണം
കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം. കർണാടകയിലെ കോലാറിലാണ് സംഭവം. തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് എംപി ഉൾപ്പെടെ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.
കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 500-ലധികം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. ഇതിനെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രതിഷേധക്കാർ വിവിധ ദിശകളിലേക്ക് ഓടാൻ തുടങ്ങി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരെ തേനീച്ചകൾ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. പ്രതിഷേധത്തിനിടെ തേനീച്ചയുടെ കുത്തേറ്റ് ബിജെപി എംപി എസ് മുനിസ്വാമിക്ക് പരിക്കേറ്റു. പാർട്ടി പ്രവർത്തകർക്കും ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തിയ പൊതുജനങ്ങളും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കാറുകളിലും ബൈക്കുകളിലും കയറിയാണ് ഇവർ രക്ഷപ്പെട്ടത്. അതേസമയം തേനീച്ച ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഭരണ മന്ദിരത്തിന്റെ മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് ആരോപണം.