പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളിലേക്ക് കേരളം കടന്നിരിക്കുന്നു; വി ടി ബല്‍റാം
പുതുപ്പള്ളിയില്‍ പ്രതിഫലിച്ചത് പിണറായി വിജയന്‍ സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരമെന്ന് വി ടി ബല്‍റാം. അസന്നിഗ്ധമായ വിജയമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലുണ്ടായത്. അഴിമതി ഭരണത്തെ തിരസ്‌കരിക്കുകയാണ് പുതുപ്പള്ളിയിലെ ജനത തെരഞ്ഞെടുപ്പിലൂടെ ചെയ്തതെന്നും വി ടി ബല്‍റാം പ്രതികരിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന നാളുകളിലേക്ക് കേരളം കടന്നിരിക്കുന്ന എന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത്. ഐതിഹാസികമായ ചരിത്ര വിജയമാണ് ഇത്തവണത്തേത്. ഉമ്മന്‍ചാണ്ടിക്ക് ഈ നാടിനോടുള്ള 53വര്‍ഷത്തെ ആത്മബന്ധം എന്താണെന്ന് പുതുപ്പള്ളി കേരളത്തോട് വിളിച്ചുപറഞ്ഞെന്നും ഉമ്മന്‍ചാണ്ടി ഇനിയും മരിച്ചിട്ടില്ലെന്നും വി ടി ബല്‍റാം ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നാലെ പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്റെ വിജയം. വന്‍ തോല്‍വി ഏറ്റുവാങ്ങിയ സിപിഐഎമ്മിന് സഹതാപവും ബിജെപി വോട്ടുകളും മാത്രം കാരണമാക്കി പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. സ്വന്തം പാളയത്തില്‍ നിന്നുള്ള വോട്ടുചോര്‍ച്ചക്ക് ഉത്തരം കണ്ടെത്തുകയായിരിക്കും സിപിഐഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുതല്‍ വ്യക്തിഹത്യ വരെ യുഡിഎഫ് വിജയത്തിന് ഇന്ധനമായിട്ടുണ്ടെന്ന വസ്തുത കണ്ടില്ലെന്നു നടിക്കാനാവില്ല.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപം യുഡിഎഫ് വിജയത്തിന് ഒരു കാരണം തന്നെയാണ്. എന്നാല്‍ അതു മറികടക്കാന്‍ സിപിഐഎം നടത്തിയ അടവുകളെല്ലാം പിഴച്ചെന്നാണ് ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം അടിവരയിടുന്നത്. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് സിപിഐഎം നേതാക്കളുടെ വാദം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പ്.
2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.