പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി


പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമ്മന്റുകളായി ലഭിക്കുന്ന പരാതികൾക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നൽകും.പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. പരമാവധി വിഷയങ്ങളിൽ തത്സമയം മറുപടി നൽകും . എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം പരിഹാരം കാണാൻ ശ്രമിക്കും.
ജില്ലയുടെ അടിസ്ഥാനവികസനവിഷയത്തിൽ സാധാരണജനവിഭാഗത്തിന്റെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു. പലർക്കും നേരിട്ട് വന്ന് കണ്ട് പരാതികൾ പറയാനോ , വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനോ കഴിയാറില്ല. ജില്ലയുടെ വിദൂരപ്രദേശങ്ങളിൽനിന്ന് കലക്ടറേറ്റിൽ എത്താൻ ദിവസവും ജോലിക്ക് പോകുന്നവർക്ക് സാധിക്കില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവർ തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാൻ പലപ്പോഴും മുതിരാറില്ല. അത്തരക്കാർക്കാണ് ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത് . അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയുന്ന വിധത്തിൽ ജനങ്ങൾ പ്രതികരിക്കണെമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.