പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ തുടര്‍വിദ്യാഭ്യാസത്തിന് ‘മുന്നേറ്റം’
- ആദ്യഘട്ടം 25 പട്ടികവര്‍ഗ്ഗ സാങ്കേതങ്ങളില്‍ പദ്ധതി നടപ്പിലാക്കും
പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ പഠനം മുടങ്ങിയ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘മുന്നേറ്റം’ പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കും. പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി തുടര്‍ വിദ്യാഭ്യാസം നല്കുന്നതിനായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്‍,പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍, മഹിളാ സമഖ്യ സൊസൈറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഇടുക്കി ജില്ലയിലെ 25 പട്ടികവര്‍ഗ സാങ്കേതങ്ങളിലാണ് പദ്ധതി നടപ്പാക്കുക . . അടിമാലി ഗ്രാമപഞ്ചായത്തിലെ ചുരക്കട്ടന്‍, തുമ്പിപ്പാറ, കട്ടമുടി, കുറത്തിക്കുടി, പടിക്കപ്പ്, തല നിരപ്പന്‍, കുളമാംകുഴി, തട്ടേക്കണ്ണന്‍, പട്ടയിടമ്പ്, പ്ലാമല, ഞാവല്‍പ്പാറ, ചിന്നപ്പാറ, കൊടകല്ല്, മൂന്നാര്‍ പഞ്ചായത്തിലെ ലക്കം, ദേവികുളം പഞ്ചായത്തിലെ കുണ്ടള, മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, വേലിയാംപാറ, കമ്പനിക്കുടി, പള്ളിവാസല്‍ പഞ്ചായത്തിലെ വെങ്കായപ്പാറ, മറയൂര്‍ പഞ്ചായത്തിലെ തീര്‍ത്ഥമല,ആലാംപെട്ടി, നെല്ലിപ്പെട്ടി, കരിമുട്ടി, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, ദണ്ഡുകൊമ്പ് എന്നീ പ്രദേശങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെയുള്ള കുടികളില്‍ നിന്ന് നിരക്ഷരരെ കണ്ടെത്തി മുന്നേറ്റം പദ്ധതിയിലൂടെ അവരെ സാക്ഷരരാക്കും. ആഗസ്റ്റ് 31 നകം പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കും. സെപ്റ്റംബറോടെ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.
പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ നാലാംതരത്തിലേക്കും തുടര്‍ന്ന് ഏഴാം തരം, പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലും ചേര്‍ത്ത് തുടര്‍വിദ്യാഭ്യാസം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍,ചൂഷണം, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ കൂടുതല്‍ സാങ്കേതങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, സമഗ്ര ശിക്ഷ കേരള, ജനമൈത്രി എക്‌സൈസ്, വനം വകുപ്പ്, ഊരുകൂട്ടങ്ങളിലെ ഇന്‍സ്ട്രക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സാമൂഹ്യപഠന മുറികളിലെ അധ്യാപകര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ് സി, എസ്ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.