തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ സുപ്രധാന നീക്കവുമായി കേന്ദ്രം; പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ സുപ്രധാന നീക്കവുമായി കേന്ദ്രം. തിരഞ്ഞെടുപ്പ് പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ടുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരെയും നിയമിക്കേണ്ടത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന പാനലിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരിക്കണം എന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുക.
2023 മാര്‍ച്ചില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കാൻ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് രാഷ്ട്രപതിയാണ് ശുപാര്‍ശ നല്‍കേണ്ടത് എന്ന സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയത്തിന് പകരം കൊളീജിയം മാതൃകയില്‍ സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. മോദി സര്‍ക്കാര്‍ പുതിയതായി അവതരിപ്പിക്കുന്ന ബില്ലില്‍ നിയമന പാനലില്‍ പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിസഭ അംഗം എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സെക്രട്ടറി പദവിയിലിരിക്കുന്നവരെയോ തുല്യ പദവിയിലിരിക്കുന്നവരെയോ ആകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായും പരിഗണിക്കുക.